ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിർണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതുവരെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.
ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ടിവി സർവേകള്‍ അടക്കം എല്ലാ സർവേകളും കോണ്‍ഗ്രസിന്റെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പറയുന്നത്. 55 മുതല്‍ 62 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടി ഭരണം തിരിച്ചുപിടിക്കും എന്നാണ് ഫല സൂചനകള്‍. ബിജെപിക്ക് 18 മുതല്‍ 24 സീറ്റുകളില്‍ സാധ്യത നല്‍കുമ്ബോള്‍ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. 90 അംഗ കശ്മീർ നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 30നും 50നും ഇടയില്‍ സീറ്റുകള്‍ ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നുണ്ട്.
46 മുതല്‍ 50 വരെ സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചനം. ബിജെപിക്ക് 23 മുതല്‍ 27 സീറ്റുകള്‍ ലഭിക്കും. പിഡിപി 7 മുതല്‍ 11 സീറ്റുകളും മറ്റുള്ളവർ 4 മുതല്‍ 6 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 28-30, കോണ്‍ഗ്രസിന് 03-06, നാഷണല്‍ കോണ്‍ഫറൻസിന് 28-30, പിഡിപി 05-07, മറ്റുള്ളവർ 08-16 എന്നിങ്ങനെയാണ് റിപ്ലബ്ലിക് ടിവി എക്സിറ്റ് പോള്‍ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.







