ഓരോ സിനിമയിലും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാൻ പൊതുവെ പ്രേക്ഷകർക്ക് വലിയ കൗതുകമാണ്. പലരും കോടികളാണ് ഓരോ സിനിമയ്ക്കും വാങ്ങുന്നത്. ഓരോ സിനിമയ്ക്കും അവർ ഓരോ പ്രതിഫലം വാങ്ങും. റിലീസിന് തയാറെടുക്കുന്ന ഒരു വമ്ബൻ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് അറിഞ്ഞാലോ?
രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയൻ. ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാലോ? അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ അടക്കം വമ്ബൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.
ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനികാന്ത് തന്നെയാണെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. 100 മുതല്‍ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലമെന്നാണ് വിവരം.
ഏഴ് കോടിയാണ് അമിതാഭ് ബച്ചന്റെ പ്രതിഫലം. ഫഹദ് ഫാസിലിന്റെ പ്രതിഫലം 5 കോടിയെന്നാണ് റിപ്പോർട്ട്. പുഷ്പ, മാമന്നൻ, വിക്രം, ആവേശം തുടങ്ങിയ സിനിമകള്‍ താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ഇടയാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നു. നടൻ റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മഞ്ജു വാര്യരുടെ പ്രതിഫലം 85 ലക്ഷം ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിതിക സിംഗ് വാങ്ങിക്കുന്നത് 25 ലക്ഷമാണ്.ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനില്‍ അണിനിരക്കുന്നത്. ചിത്രത്തിലെ അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ തിയറ്ററുകളിലെത്തും.











