രജനികാന്ത് നായകനായെത്തുന്ന ‘വേട്ടയ’നിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മനസിലായോ’ എന്ന ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്.

മലയാളവും തമിഴും കലർന്ന വരികളാണ് ഗാനത്തിലുള്ളത്. 2011-ല്‍ അന്തരിച്ച മലേഷ്യ വാസുദേവനൊപ്പം യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ്റെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. 27 വർഷത്തിന് ശേഷമാണ് രജനികാന്ത് ചിത്രത്തില്‍ മലേഷ്യ വാസുദേവൻ്റെ ആലാപനത്തില്‍ ഒരു ഗാനം എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തില്‍ മലയാളഗാനം അല്ലെങ്കില്‍ മലയാളം വരികളുള്‍പ്പെടുന്ന ഗാനം വരുന്നത്. 1995-ല്‍ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ഗാനത്തില്‍ മലയാളം വരികളുണ്ടായിരുന്നു. എ.ആർ.റഹ്മാനായിരുന്നു ഈ ഗാനത്തിന് ഈണമിട്ടത്.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്ബുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപാവലിയോടനുബന്ധിച്ച്‌ ചിത്രം തിയേറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക