തൃശ്ശൂരില്‍ പട്ടാപ്പകല്‍ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്ബത്തൂരില്‍നിന്നും കാറില്‍ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സി.സി.ടി.വിദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11.15-ഓടെ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്.
തൃശ്ശൂരിനെ നടുക്കി പട്ടാപ്പകൽ സ്വർണ്ണക്കൊള്ള; രണ്ടര കിലോ സ്വർണ്ണം വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത് വാഹനം തടഞ്ഞ്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം. pic.twitter.com/5dtGNQr7TO
— Thomas R V Jose (@thomasrvjose) September 26, 2024
സ്വർണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് ഡിസയർ കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു. ശേഷം കാറില്‍ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് കാറില്‍നിന്ന് ഇരുവരേയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു.
ഇരുവരെയും കവർച്ചാസംഘം എത്തിയ കാറുകളില്‍ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു. പുത്തൂരില്‍വെച്ച് അരുണ്‍ സണ്ണിയെയും പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും പിന്നീട് ഇറക്കിവിട്ടു. സംഭവത്തില്‍ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

















