വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതേക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ്, നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള നീക്കങ്ങള്‍ക്ക് വേഗതയേറിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സി.പി.എം നേതൃത്വവും സര്‍ക്കാരിന് അനുമതി നല്‍കിയതായാണ് ലഭിക്കുന്ന സൂചന.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്ന് തുറന്നടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. വിവാദങ്ങളുടെ നിര്‍മാണ ശാലകളായി മാധ്യമങ്ങള്‍ മാറിയെന്നും അദ്ദേഹം പറയുകയുണ്ടായി.വ്യാജ വാര്‍ത്തകള്‍ക്ക് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ കൊടുത്തതിന് പിന്നാലെ കേരളം അനര്‍ഹമായ സഹായം തട്ടാന്‍ ശ്രമിക്കുന്നു എന്ന വ്യാജ കഥയുണ്ടായി. ഈ വാര്‍ത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏത് വിധേനയും സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കുക എന്ന ലക്ഷ്യമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തെ തുടര്‍ന്ന് മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാര്‍ അല്ല, അതില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്. ഇങ്ങനെ വിദഗ്ധര്‍ തയ്യാറാക്കിയ കണക്കുകളെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്. മെമ്മോറാണ്ടത്തിലുള്ളത് പെരുപ്പിച്ച കണക്കുകള്‍ അല്ല, പ്രതീക്ഷിത കണക്കുകള്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിലവഴിക്കപ്പെട്ട കണക്കുകള്‍ വിശദീകരിച്ചായിരുന്നു വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ മറുപടി. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ അസത്യങ്ങളുടെ കുത്തൊഴുക്കാണ് മാധ്യമങ്ങളിലുണ്ടാവുന്നത്. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ നിന്ന് കേരളം കരകയറാന്‍ ശ്രമിക്കുമ്ബോഴാണ് ചാനല്‍ റേറ്റിങ്ങിനായുള്ള മാധ്യമങ്ങളുടെ മത്സരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മെമ്മോറാണ്ടത്തിനെതിരെ മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ മുഖ്യമന്ത്രി ഉദ്ധരിക്കുകയും ചെയ്തു. ‘ക്യാമ്ബിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി, പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരുകോടി. മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി. എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ കണക്ക്. പിന്നീട് കൗണ്ടര്‍ പോയിന്റ് എന്ന പരിപാടിയുടെ തലക്കെട്ട് ‘കണക്കില്‍ കള്ളമോ?’ എന്നാണ്. ഒരു ചാനല്‍ മാത്രം തുറന്നുവിട്ട തലക്കെട്ടുകളാണിത്’.- മുഖ്യമന്ത്രി പറഞ്ഞു.
‘വിഷയത്തില്‍ മറ്റൊരു ചാനല്‍ നല്‍കിയ തലക്കെട്ടുകള്‍ ഇങ്ങനെയാണ്. സര്‍ക്കാരിന്റെ അമിത ചെലവ് കണക്ക് പുറത്ത്, വളണ്ടിയര്‍മാരുടെ ഗതാഗതം നാല് കോടി, ഭക്ഷണ ചെലവ് പത്തു കോടി, ദുരിതാശ്വാസ ക്യാമ്ബിലെ ജനറേറ്റര്‍ ഏഴ് കോടി, ക്യാമ്ബിലെ ഭക്ഷണം എട്ടു കോടി, ബെയ്ലി പാലം ഒരു കോടി. ഇങ്ങനെപോവുകയാണ് ഓരോ തലക്കെട്ടുകളും. ഇതിലെ ഓരോ വാചകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്ന് കേള്‍ക്കുന്ന ആരെയും ഞെട്ടിക്കുന്ന കണക്കുകളാണിതൊക്കെ.’-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വളണ്ടിയര്‍മാര്‍ക്ക് എന്നാണ് പ്രമുഖമായ ഒരു ചാനലിന്റെ കണ്ടെത്തല്‍. വയനാടിന്റെ പേരില്‍ കൊള്ള എന്ന് മറ്റൊരു കൂട്ടര്‍ വിധിയെഴുതി. ഓണത്തിന്റെ ദിവസങ്ങളിലാണ് ഇങ്ങനെ ഒരു സ്തോഭജനകമായ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. ഓണദിവസം അവധി ആയതിനാല്‍ പത്രങ്ങള്‍ക്ക് ചൂടോടെ അത് ഏറ്റെടുക്കാനായില്ല. എന്നാലും മുഖ്യധാരാ പത്രങ്ങള്‍ ഒട്ടും മോശമാക്കിയില്ല. അടുത്ത ദിവസം ഇറങ്ങിയ ഒന്നാം പത്രത്തില്‍ കണക്കുപിഴ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വന്നു. കേന്ദ്രത്തിന് നല്‍കിയത് അവിശ്വസനീയ കണക്കുകള്‍ എന്ന ആക്ഷേപം എന്നുകൂടി ചേര്‍ത്ത് വായനക്കാരില്‍ സംശയത്തിന്റെ പുകപടലം നിലനിര്‍ത്താനാണ് ആ പത്രം ശ്രമിച്ചത്. കണക്കുകള്‍ വിവാദമായത് സംസ്ഥാന സര്‍ക്കാരിന് മറ്റൊരു തലവേദന എന്ന് എഴുതി അവര്‍ ആശ്വാസം കണ്ടെത്തുകയും ചെയ്തു.‘
അസത്യം പറക്കുമ്ബോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന് പ്രശസ്ത എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നത് നാം കണ്ടു. എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് വിശദീകരിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറന്ന വ്യാജ വാര്‍ത്തയുടെ പിന്നാലെ ഇഴയാന്‍ മാത്രമേ ആ വിശദീകരണത്തിന് കഴിഞ്ഞുള്ളൂ’വെന്നും മുഖ്യമന്ത്രി പറഞ്ഞു.

















