താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചതെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.
കുടുംബത്തില്‍ പ്രശ്നമില്ലേ, അത് പരിഹരിക്കാം എന്നുപറഞ്ഞാണ് പ്രകാശൻ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തില്‍ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി. ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് അവകാശപ്പെട്ട ഇയാള്‍ പുട്ടുകുടം പിന്നീട് തോട്ടില്‍ കൊണ്ടുപോയി ഒഴുക്കി. ഇതിനുശേഷമാണ് രാത്രി പ്രത്യേക പൂജ വേണമെന്ന് പ്രകാശൻ നിർദേശിച്ചത്.
വീടിന് വാതിലില്ലാത്തതിനാല്‍ വീടിന്റെ മുൻവശത്തും മുറിയിലും പുതിയ വാതില്‍വെക്കണമെന്ന് പ്രകാശൻ പറഞ്ഞിരുന്നു. ഇതിന് ഭർത്താവ് സമ്മതിച്ചു. പിന്നീട് യുവതിയെ ഫോണില്‍ വിളിച്ച പ്രകാശൻ, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും പറഞ്ഞു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശൻ നഗ്നപൂജ ചെയ്യണമെന്ന് പറഞ്ഞത്.
എന്താണ് നഗ്നപൂജയെന്ന് ചോദിച്ചപ്പോള്‍ ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാൻ ശരീരത്തില്‍ ‘ഉഴിഞ്ഞ് പോക്കണ’മെന്നുമായിരുന്നു മറുപടി. എന്നാല്‍, ബാധകയറിയത് ഭർത്താവിന്റെ ശരീരത്തില്‍ അല്ലേയെന്നും എന്തിനാണ് തന്റെ ശരീരത്തില്‍ പൂജ നടത്തുന്നതെന്നും ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞാലേ ഭർത്താവ് പൂജയ്ക്ക് സമ്മതിക്കൂ എന്നായിരുന്നു പ്രകാശൻ പറഞ്ഞത്. തുടർന്ന് പൂജ നടത്താനായി ഭർത്താവ് നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവായ ഷെമീറിന് മറ്റൊരു ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടെന്നും യുവതി പറഞ്ഞു.

















