സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തില്‍.ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓസ്ട്രേലിയക്ക് പോയത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര.ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

യെച്ചൂരിക്ക് പിൻഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്. ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ആര്‍ക്ക് നല്‍കുമെന്നത് അടക്കം നിര്‍ണായക ചര്‍ച്ചകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തില്‍ നിന്നുള്ള പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍റെ വിദേശ സന്ദര്‍ശനം. യെച്ചൂരിയുടെ മരണത്തില്‍ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നും ആണ് സിപിഎം വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക