അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. അമേരിക്കൻ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് എന്ന സൂചനകൾ ആണ് സ്വർണ്ണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണം.
ഒരു ഔൺസ് സ്വർണം എന്നത് 28.35 ഗ്രാമാണ്. ഇങ്ങനെ കണക്കാക്കിയാൽ ഒരു ഗ്രാമിന് 1.48 ഡോളർ വർധന ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഗ്രാമിന് 125 രൂപയുടെ വർദ്ധനവ്. ഇറക്കുമതി തീരുവ കൂടി കണക്കിലെടുക്കുമ്പോൾ ഗ്രാമിന് ഇന്ത്യൻ വിപണിയിൽ 130 രൂപയിൽ അധികം വർദ്ധനവ് ആണ് ഉണ്ടാക്കുക. അതായത് പവന് ആയിരത്തിലധികം രൂപയുടെ വർദ്ധനവ്.
പണപ്പെരുപ്പം പ്രതീക്ഷയിലും മോശമായതും തൊഴിലില്ലായ്മ കണക്കുകള്‍ ഉയര്‍ന്നതും അമേരിക്കൻ സാമ്ബത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് നല്‍കിയത്. ഇത് മൂലം ഫെഡറല്‍ റിസര്‍വ് അടുത്ത ആഴ്ചയില്‍ തന്നെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് നിര്‍ബന്ധിതമാക്കുമെന്നതാണ് സ്വര്‍ണ വിലയില്‍ പെട്ടെന്നുള്ള മുന്നേറ്റത്തിന് കാരണം. നിരക്ക് കുറയ്ക്കല്‍ കടപ്പത്രങ്ങളുടെയും മറ്റും നേട്ടം കുറയ്ക്കുകയും നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറാന്‍ ഇടയാക്കുകയും ചെയ്യും. ഇതാണ് ഇപ്പോൾ സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണം.

















