അൻവർ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലെ സ്വർണം പൊട്ടിക്കല്‍ കേസുകള്‍ അന്വേഷിക്കുമ്ബോള്‍ ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഫ്രീസറില്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ 2021ല്‍ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കലിന് പിന്നിലെ മാഫിയ ബന്ധം സംബന്ധിച്ച്‌ റിപ്പോർട്ട് തയാറാക്കിയിരുന്നു. സ്വർണം നഷ്ടമായവരോ മർദനമേറ്റവരോ പരാതി നല്‍കിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തായിരുന്നു അന്വേഷണം.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 400 പേരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നല്‍കി. ഇടത് സൈബർ പോരാളികളായ സ്വർണക്കടത്ത്, ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരില്‍ പാർട്ടി നടപടി നേരിട്ട ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരുള്‍പ്പെടെ സ്ഥിരമായി സ്വർണക്കടത്തിലും പൊട്ടിക്കലിലും ഉള്‍പ്പെട്ടവരായിരുന്നു ഇവരെല്ലാം. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. ആഭ്യന്തര വകുപ്പില്‍ റിപ്പോർട്ട് പൂഴ്ത്തിയതിന് പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പി.വി അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തലില്‍ പ്രതിസ്ഥാനത്തുള്ള എസ്. സുജിത് ദാസ് അടക്കമുള്ളവരിലേക്കാണ് സംശയമുന നീളുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഭ്യന്തര വകുപ്പില്‍ നടപടിയില്ലാതെ കിടക്കുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. പൊട്ടിക്കല്‍ സംഘത്തിന്‍റെ ഇരകളായ കാരിയർമാരില്‍നിന്നാണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചത്. കരിപ്പൂർ സ്വർണക്കടത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധവും റിപ്പോർട്ടിലുണ്ട്.

സി.പി.എം ഉന്നതരുടെ അറിവോടെയാണ് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘത്തിന്‍റെ പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല മുൻ പ്രസിഡന്റ് മനു തോമസ് തുറന്നുപറഞ്ഞത് ഈയിടെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ‘പവർഗ്രൂപ്പി’ന്‍റെ സ്വർണക്കടത്ത് ബന്ധങ്ങളാണ് പി.വി. അൻവർ തുറന്നടിച്ചത്. അതിലേക്ക് വെളിച്ചംവീശുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇപ്പോഴും ആഭ്യന്തര വകുപ്പിന്‍റെ തട്ടിൻപുറത്താണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക