ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ. യുണിയൻ പബ്ലിക് സർവീസ് കമീഷണൻ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കർ നേരിട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്.
ചട്ടം മറികടന്നുകൊണ്ട് സിവില്‍ സർവീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.പി.എസ്.സി പൂജക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു. ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തില്‍ വിശദീകരണം നല്‍കാൻ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാൻ അവർ തായാറായിരുന്നില്ല.
2022ല്‍ പരീക്ഷയെഴുതാനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകള്‍ പൂജ സമർപ്പിച്ചതായാണ് കണ്ടെത്തല്‍. അപേക്ഷയില്‍ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തില്‍ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്.

















