കോട്ടയംകാരുടെ പന്നിയിറച്ചി തീറ്റ മുട്ടും: കാരണമെന്താണെന്ന് വിശദമായി വായിക്കാം.
ഉത്പാദനം കൂടിയെന്ന് മൃഗസംരക്ഷണ വകുപ്പ് ആവർത്തിക്കും. പക്ഷേ അപ്പോഴും പന്നിയിറച്ചിയ്ക്ക് കോട്ടയം ജില്ലയില്‍ കടുത്ത ക്ഷാമമാണ്. വിലയാകട്ടെ മാനത്താണ്. 380 രൂപയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്ബോള്‍ 400 മുതലാണ് വിപണി വില.
ചെറുകിട കർഷകർ പിൻവലിയുമ്ബോള്‍ വൻകിട ഫാമുകളിലാണ് പന്നി ഉത്പാദനം. ഇവർ വടക്കുകിഴക്കൻ സംസ്ഥാനത്തേയ്ക്ക് പന്നിയെ വ്യാപകമായി കയറ്റിഅയയ്ക്കുന്നത് വില വർദ്ധനവിനും ക്ഷാമത്തിനും കാരണമാണ്. അപ്രതീക്ഷിതമായുണ്ടായ ക്ഷാമത്തെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഏപ്രില്‍ കാലയളവിലാണ് പന്നിയിറച്ചിക്ക് വില കുതിച്ചുയർന്നത്. അതേസമയം കപ്പാട്ടെ സർക്കാർ ഫാമില്‍ നിന്ന് കുഞ്ഞുങ്ങളെ ലഭിക്കണമെങ്കില്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ കാത്തിരിക്കണം.
വൻകിട ഫാമുകളാണ് ഇപ്പോൾ വിപണി നിയന്ത്രിക്കുന്നത്. ലാഭമേറെയുണ്ടാകുമെങ്കിലും തിരിച്ചടിയുണ്ടായാല്‍ വലിയ നഷ്ടമുണ്ടാകുന്ന കൃഷിയായതിനാല്‍ ചെറുകിട കർഷകർ പിൻവലിഞ്ഞു. ചെറുകിട കർഷകരില്‍ ആഫ്രിക്കൻ പന്നിപ്പനിയുണ്ടാക്കിയ ആഘാതം ചെറുതല്ല. വില്പന പ്രായത്തില്‍ പനി ബാധിച്ച് പന്നികളെ മൊത്തമായി കൊന്നൊടുക്കേണ്ടി വന്ന കർഷകർ നിരവധിയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കുമുണ്ടായത്. രോഗമില്ലെങ്കിലും രോഗവ്യാപനം ഒഴിവാക്കാൻ ഗത്യന്തരമില്ലാതെ പന്നികളെ കൊല്ലേണ്ടി വന്ന കർഷരുമുണ്ട്.
മരുന്നിന് തീവില: പന്നികളില്‍ രോഗബാധ ഒഴിവാക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ വില വർദ്ധനയും കർഷകർക്ക് തിരിച്ചടിയാണ്. മികച്ചയിനം കുഞ്ഞുങ്ങളെ ലഭിക്കുന്നതിനുള്ള തടസവും വില കൂടുതലും തിരിച്ചടിയാണെന്ന് കർഷകർ പറയുന്നു.
പന്നി ഫാമുകൾക്കുള്ള വെല്ലുവിളികൾ
- മാലിന്യ സംസ്കരണം പ്രധാനപ്രശ്നം
- തുടർച്ചയായുള്ള പകർച്ച വ്യാധി
- തീറ്റ വില വർദ്ധനവ്
- ഹോട്ടല്‍ വേസ്റ്റ് കൃത്യസമയത്ത് കിട്ടാത്തത്