നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്‍ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.
താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. മോഹൻലാല്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകർ ആശങ്കയിലായിരിക്കുകയാണ്. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
എമ്ബുരാന്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ താരത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.അതേസമയം, ശനിയാഴ്ച താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് താരം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്. ആദ്യം സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകർ ആലോചിച്ചത്. എന്നാല്‍ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാല്‍ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാല്‍ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.