ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാല്‍, എല്ലാവർക്കും വീട് വാങ്ങാനുള്ള അവസ്ഥയുണ്ടാവണം എന്നില്ല. മാത്രമല്ല, ജീവിതകാലം മുഴുവനും സമ്ബാദിച്ച തുക ചിലപ്പോള്‍ ഒരു വീട് വാങ്ങാൻ വേണ്ടി വരും. വീടിന്റെ ലോണടക്കാൻ വേണ്ടി മാത്രം ജോലിയില്‍ തുടരേണ്ടി വരുന്നവരും ഉണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തമായിട്ടൊരു വീട് എന്നത് മനഃസമാധാനം തരുമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടപ്പെടാം എന്ന പേടിയില്ലാതെ തന്നെ, നമ്മുടെ ഇഷ്ടത്തിന് ഒരുക്കാവുന്ന ഒരു വീട് സ്വാതന്ത്ര്യത്തിന്റെ കൂടി പ്രതീകമായിട്ടാണ് പലരും കാണുന്നത്. എന്നിരുന്നാലും വാടകവീട് മതിയോ, സ്വന്തം വീട് വേണോ എന്ന കാര്യത്തില്‍ മുമ്ബത്തേക്കാളും ചർച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ ഒരു ചർച്ച ഇപ്പോള്‍ എക്സില്‍ (ട്വിറ്റർ) നടക്കുകയാണ്. അതിന് തുടക്കം കുറിച്ചത് ബയോയില്‍ ഇൻവെസ്റ്റർ എന്ന് വിശേഷിപ്പിക്കുന്ന കിരണ്‍ രജ്പുത് എന്നയാളാണ്. ’50 വർഷം മുമ്ബുള്ള മിഡില്‍ക്ലാസുകാരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഇന്നും മിഡില്‍ക്ലാസുകാരുടെ ആഗ്രഹം ആദ്യം ഒരു വീട് എന്നതു തന്നെയാണ്. പല മിഡില്‍ക്ലാസും അതേ അവസ്ഥയില്‍ തന്നെ തുടരുന്നതിൻ്റെ ഒരു കാരണം, ഇതാണ്’ എന്നാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍, ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ഗ്രേലാബ്സ് എഐയുടെ സിഇഒയും സഹസ്ഥാപകനുമായ അമൻ ഗോയല്‍ ഇതിനെ വിമർശിച്ചു. ‘മറ്റൊരാള്‍ 10 ശതമാനം ഉയർന്ന വാടക നല്‍കാൻ തയ്യാറായതിനാല്‍ എപ്പോള്‍ വേണമെങ്കിലും വീട്ടുടമസ്ഥൻ നിങ്ങളെ പുറത്താക്കാം എന്നതിനേക്കാള്‍ മോശമായ അവസ്ഥ മറ്റൊന്നുമില്ല. നിങ്ങളുടെ വീട്ടില്‍ കഴിയുന്നത് ഒരു പ്രിവിലേജാണ്. നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാൻ കഴിയുമെങ്കില്‍ അത് വാങ്ങുക. കടക്കെണിയില്‍ പെടുന്നില്ലെന്ന് ഉറപ്പാക്കുക’ എന്നാണ് അദ്ദേഹം കുറിച്ചത്.

അതിനെ വീണ്ടും കിരണ്‍ രജ്പുത് എതിർക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങിയില്ല എന്നതൊരു മോശം കാര്യമായിട്ടാണ് കാണുന്നത്. ചിലർ മാത്രമേ അതില്‍ നിന്നും മാറിച്ചിന്തിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളൂ എന്നാണ് അയാള്‍ പറഞ്ഞത്.എന്തായാലും, ഈ വിഷയം വലിയ ചർച്ചയായി മാറി. ചിലരൊക്കെ വാടകവീടിന് പ്രശ്നമില്ല കൂടുതല്‍ നല്ലത് അതാണ് എന്ന് പറഞ്ഞപ്പോള്‍ ഭൂരിഭാഗം പേരും പറഞ്ഞത് സ്വന്തം വീടെന്നത് ഒരു വികാരം കൂടിയാണ്. അതാണ് ആളുകള്‍ സ്വന്തം വീട് വാങ്ങാൻ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക