സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം സെഷനിലും കുത്തനെ ഇടിഞ്ഞു. യുഎസ് സമ്പത്ത് വ്യവസ്ഥയുടെ മാന്ദ്യത്തെക്കുറിച്ചുള്ള ആഗോള വിപണി ആശങ്കയാണ് ഇടിവിന് കാരണം. നിക്ഷേപകരുടെ സമ്ബത്ത് 18 ലക്ഷം കോടി രൂപ കുറഞ്ഞു. വിപണി മൂല്യം മുന്‍ സെഷനിലെ 457.16 ലക്ഷം കോടി രൂപയില്‍ നിന്ന് 443.29 ലക്ഷം കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്.

എസ് ആന്റ് പി ബിഎസ്‌ഇ സെന്‍സെക്സ് 02:30 ഓടെ 2230 പോയിന്റ് താഴ്ന്ന് 78751.80ലും എന്‍എസ്‌ഇ നിഫ്റ്റി 650.70 പോയിന്റ് ഇടിഞ്ഞ് 24065 ലും വ്യാപാരം അവസാനിപ്പിച്ചു. സ്മോള്‍, മിഡ്ക്യാപ് ഓഹരികള്‍ കാര്യമായ ഇടിവ് നേരിട്ടു. എല്ലാ പ്രധാന മേഖലാ സൂചികകള്‍ക്കും റിയല്‍റ്റി, ഐടി, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്റ്റോക്കുകളിലും കാര്യമായ നഷ്ടം നേരിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈയിലെ തൊഴിലവസരങ്ങള്‍ കുറയുകയും യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 4.3% ആയി കുത്തനെ ഉയരുകയും ചെയ്തതിനാല്‍ യുഎസ് സമ്പത്ത് വ്യവസ്ഥയ്ക്ക് സോഫ്റ്റ് ലാന്‍ഡിംഗിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോള്‍ അപകടത്തിലാണെന്നതാണ് ഇടിവിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പേറോള്‍ ഡാറ്റ പ്രകാരം യുഎസിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിലെ 4.1% ല്‍ നിന്ന് ജൂലൈയില്‍ 4.3% എന്ന നിലയിലാണ്.

മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. അതേസമയം മാന്ദ്യ സാധ്യത ഉയര്‍ന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കും എന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിരക്ക് ഒരു ശതമാനമെങ്കിലും കുറച്ചേക്കും. മാത്രമല്ല മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വിപണിയുടെ ആശങ്കയ്ക്ക് കാരണമായി. ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ഇസ്രായേല്‍ കൊലപ്പെടുത്തിയതും ഇറാന്റെ തിരിച്ചടി പ്രഖ്യാപനവും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ജാപ്പനീസ് വിപണിയെ സാരമായി ബാധിച്ച യെന്‍ കാരി വ്യാപാരവും ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ന് രാവിലെ നിക്കി സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞത് ജാപ്പനീസ് വിപണിയിലെ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രതിരോധം, റെയില്‍വേ തുടങ്ങിയ അധികമൂല്യമുള്ള മേഖലകള്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ഫാര്‍മ, നെസ്‌ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടത്തിലുള്ളവ. 0.3 മുതല്‍ 1.5 ശതമാനം വരെയാണ് നേട്ടം. ടാറ്റാ മോട്ടോഴ്‌സ് 4.34 ശതമാനം വും ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, അദാനി പോര്‍ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ 2.4 മുതല്‍ 3.2 ശതമാനം വരെയും ഇടിഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക