2026 ഫിഫ ലോകകപ്പിന്റെ അലയൊലികള്‍ അവസാനിക്കുന്നു. 48 ടീമുകള്‍ പങ്കെടുത്ത ബൃഹത്തായ ടൂർണമെന്റ് വിജയകരമായി നടന്നതോടെ നാല് വർഷത്തിന് ശേഷം അരങ്ങേറുന്ന ലോകകപ്പിലേക്കുള്ള ചർച്ചകളും അണിയറയില്‍ തുടങ്ങി കഴിഞ്ഞു.2030 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയരുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകരെല്ലാം ഉറ്റുനോക്കുന്നത്.
അതേസമയം, നിലവില്‍ ആറ് ടീമുകള്‍ക്ക് അടുത്ത ലോകകപ്പിലേക്കുള്ള യോഗ്യത ഉറപ്പായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷൻ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിൻ, പോർച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രധാന ആതിഥേയർ. ഈ രാജ്യങ്ങളെല്ലാം യൂറോപ്പില്‍ നിന്നും ആഫ്രിക്കയിലും നിന്നും ആയതിനാല്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ടീമുകളെ ഉദ്ഘാടന മത്സരങ്ങള്‍ക്കായി പരിഗണിച്ചേക്കും.
ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നും 100ാം വാർഷികത്തിലെ മത്സരങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ആദ്യ മത്സരങ്ങള്‍ ലാറ്റിനമേരിക്കയില്‍ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറുഗ്വെ, അർജന്റീന, പരാഗ്വെയ് എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങള്‍ നടക്കുക. ഇതോടെയാണ് ഫലത്തില്‍ ആറ് രാജ്യങ്ങളില്‍ ലോകകപ്പിനു വേദിയൊരുക്കുന്നത്. സ്‌പെയിൻ,പോർച്ചുഗല്‍, മൊറോക്കോ എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാ മത്സരങ്ങള്‍ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയില്‍ ഈ മൂന്ന് രാജ്യങ്ങള്ർ കൂടി യോഗ്യത നേടി കഴിഞ്ഞു. ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നത് പരിഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. 1930ല്‍ ലോകകിരീടം നേടിയതാണ് ഉറുഗ്വെക്ക് അനുകൂലമായത്. ആദ്യ ലോകകപ്പ് കാലയളവിലെ ഏക വൻകര ഫുട്‌ബോള്‍ ഭരണ സമിതിയെന്നതാണ് പരഗ്വെയെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്.








