സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ കുടുങ്ങി 16 വര്‍ഷമായി വിദേശത്ത് കഴിയുന്ന ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു.2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ രണ്ടാം പതിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ വിദേശനാണ്യ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അപ്പലറ്റ് ട്രിബ്യൂണല്‍ അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മോദിയുടെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെയോ താന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് ലളിത് മോദി വ്യക്തമാക്കി. 16 കൊല്ലം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സത്യം ജയിച്ചുവെന്നും തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.’വളരെ സന്തോഷമുള്ള ദിവസമാണിന്ന്.
16 വര്‍ഷമായി ഞാന്‍ ജനങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ട്രിബ്യൂണല്‍ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഐ.പി.എല്ലിന്റെ നന്മ മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ അധ്യായം ഇനി അവസാനിച്ചു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ പേരക്കുട്ടി എത്തുന്ന സന്തോഷത്തിലാണ് കുടുംബം. അതിന് ശേഷം വര്‍ഷാവസാനത്തോടെ ഞാന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തും.’- ലളിത് മോദി വീഡിയോയില്‍ പ്രതികരിച്ചു.
ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ഇ.ഡി ആരോപണങ്ങളാണ് അപ്പലറ്റ് ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞത്. ലളിത് മോദി വ്യക്തിപരമായി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഇ.ഡി ചുമത്തിയ കേസിന് അടിസ്ഥാനമില്ലെന്നും ജൂലൈ 16-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ട്രിബ്യൂണല്‍ വ്യക്തമാക്കി. 2009-ല്‍ പൊതുതിരഞ്ഞെടുപ്പ് നടന്ന സമയത്താണ് ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത്. റിസര്‍വ് ബാങ്കിന്റെ പൂര്‍വ്വാനുമതിയില്ലാതെ വിദേശത്തേക്ക് പണമയച്ചുവെന്ന് ആരോപിച്ചായിരുന്നു ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ഐ.പി.എല്ലിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമായിരുന്ന ലളിത് മോദി ബി.സി.സി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണങ്ങള്‍ നേരിടുന്നതിനിടെ 2010-ലാണ് ഇന്ത്യ വിട്ടത്. ട്രിബ്യൂണലില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതോടെ ലളിത് മോദിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.





