ഫിഫ ലോകകപ്പിന്റെ ആവേശം കളം നിറഞ്ഞുനില്‍ക്കെ, വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വേദിയായിരിക്കുകയാണ് ഫുട്‌ബോള്‍ മൈതാനം.ഇംഗ്ലണ്ടിനെതിരായ 2026 ലോകകപ്പ് സെമിഫൈനലിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ അര്‍ജന്റീന ടീം നടത്തിയ അതിരുകടന്ന ആഘോഷമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിയായി മാറിയിരിക്കുന്നത്.
1982-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചോരപ്പുഴ ഒഴുക്കിയ ഫോക്ലാന്‍ഡ് ദ്വീപിനെ ചൊല്ലിയുള്ള കപ്പല്‍ച്ചേതമാണ് കളിക്കളത്തില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയത്. അര്‍ജന്റീനയെ ലോകകപ്പില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കണമെന്ന വാശിയോടെ യുകെ കളംപിടിച്ചപ്പോള്‍, കളിക്കാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന മാസ്സ് ഡയലോഗുമായി അമേരിക്കന്‍ വൈറ്റ് ഹൗസ് അര്‍ജന്റീനയ്ക്ക് കാവലായെത്തിയിരിക്കുകയാണ്.
സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന് പിന്നാലെ അര്‍ജന്റീനന്‍ താരങ്ങള്‍ മൈതാനത്ത് ഒരു ഭീമന്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ (ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്) എന്നായിരുന്നു ആ ബാനറിലെ വാചകം. തോറ്റമ്പിയതിന് പിന്നാലെ തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച ഈ നടപടി ബ്രിട്ടനെ കലിപ്പിലാക്കി.
ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ഫിഫയുടെ കടുത്ത നിയമം അര്‍ജന്റീന ലംഘിച്ചുവെന്നും അവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നുമാണ് യുകെയുടെ ആവശ്യം. ഇത് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഫിഫ കര്‍ശനമായി അന്വേഷിക്കണമെന്നും യുകെ ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ തുറന്നടിച്ചു. പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും ഇതിനെ പൂര്‍ണ്ണമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഫിഫയുടെ സ്വതന്ത്ര അച്ചടക്ക സമിതി കേസ് അന്വേഷിക്കുകയാണ്.
യുകെ അര്‍ജന്റീനയെ പൂട്ടാന്‍ ഫിഫയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് അപ്രതീക്ഷിത ട്വിസ്റ്റുമായി അമേരിക്കന്‍ ഭരണകൂടം കളം നിറഞ്ഞത്. വൈറ്റ് ഹൗസിലെ ഫിഫ ടാസ്‌ക് ഫോഴ്സ് തലവന്‍ ആന്‍ഡ്രൂ ഗിലിയാനി നടത്തിയ പരാമര്‍ശം ബ്രിട്ടന് കനത്ത തിരിച്ചടിയായി. ‘കളിക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പൂര്‍ണ്ണമായ അവകാശമുണ്ട്. അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ‘ഫസ്റ്റ് അമെന്‍ഡ്‌മെന്റ്’ (അഭിപ്രായ സ്വാതന്ത്ര്യം) ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മൈതാനത്തായാലും അത് അങ്ങനെ തന്നെയാണ്.’ – ആന്‍ഡ്രൂ ഗിലിയാനി വ്യക്തമാക്കി.
സ്വന്തം സഖ്യകക്ഷിയായ അമേരിക്ക തന്നെ അര്‍ജന്റീനയ്ക്ക് അനുകൂലമായി സംസാരിച്ചത് ബ്രിട്ടീഷ് ഭരണകൂടത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ കടുത്ത പിഴയും വിലക്കും ഏര്‍പ്പെടുത്താറുള്ള ഫിഫ, ഈ വമ്പന്‍ സ്രാവുകള്‍ തമ്മിലുള്ള പോരില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.








