കെഎസ്യു- വി.ഡി സതീശന്‍ പോരില്‍ കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.ഫേസ്ബുക്കില്‍ ഒറ്റവരി പോസ്റ്റിട്ടായിരുന്നു വിമര്‍ശനം. – ‘കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്‍ഡ്യന്‍ പരുവത്തിലാക്കും’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഗവ. പ്ലീഡര്‍മാരുടെ നിയമന വിവാദങ്ങള്‍ക്കിടെ കെഎസ്യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ.സി. വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടയാണ് കെഎസ്യു പ്രവര്‍ത്തനകാലം അനുസ്മരിച്ചുള്ള വേണുഗോപാലിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയം. ഇന്ന് കാണുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്യുവിന്റെ പോരാട്ട വീര്യമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്റെ അനുസ്മരണ കുറിപ്പില്‍ ആണ് വേണുഗോപാല്‍ കെഎസ്യുവിന്റെ പോരാട്ടവീര്യം ഓര്‍മിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് കെ.എസ്.യുവും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത്. ഗവ. പ്ലീഡര്‍മാരുടെ നിയമനത്തില്‍ എബിവിപി, എസ്‌എഫ്‌ഐ പ്രവര്‍ത്തകരുണ്ടെന്നായിരുന്നു കെ.എസ്.യുവിന്റെ വിമര്‍ശനം. എന്നാല്‍ കെ.എസ്.യുവല്ല, സര്‍ക്കാറാണ് പ്ലീഡര്‍മാരെ നിയമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞതോടെ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചു. ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങില്‍ ഇരുവരും മുഖാമുഖം കണ്ടെങ്കിലും വി.ഡി. സതീശന്‍ മുഖം കൊടുത്തില്ല.





