റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ടെലിക്കോം ഭീമനായ ജിയോയ്ക്ക് അടിപതറുന്നതായി റിപ്പോർട്ട്.
2024 സെപ്തംബർ മാസത്തില്‍ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
-->
ജിയോയ്ക്ക് ഉപയോക്താക്കള്‍ കുറയുന്നതിനൊപ്പം രാജ്യത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സെപ്തംബർ മാസത്തില്‍ മാത്രം ബിഎസ്‌എൻഎല്‍ 8.5 ലക്ഷം ഉപയോക്താക്കളുടെ വർദ്ധനവാണ് വരുത്തിയത്. ബിഎസ്‌എൻഎല്ലിന്റെ ഈ നേട്ടത്തെ കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനി അതിന്റെ പുനരുജ്ജീവനവും വിപുലീകരണ ശ്രമങ്ങളും തുടരുന്ന ഈ സമയത്ത് ഒരു വലിയ അവസരം ഞാൻ കാണുന്നെന്ന് മന്ത്രി പറഞ്ഞു.
ജിയോയെ കൂടാതെ മറ്റ് ടെലിക്കോം കമ്ബനികള്‍ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഭാരതി എയർടെല്ലിന് സെപ്തംബറില്‍ 14 ലക്ഷം ഉപയോക്താക്കളാണ് നഷ്ടമായത്. വിഐക്ക് നഷ്ടമായത് 15 ലക്ഷം ഉപയോക്താക്കള്‍. ഈ മൂന്ന് കമ്ബനികള്‍ക്ക് മാത്രമായി പത്ത് മില്യണിലധികം ഉപയോക്താക്കളാണ് സെപ്തംബർ മാസത്തില്‍ മാത്രം നഷ്ടമായത്.
2024 സെപ്തംബർ 30 വരെ, സ്വകാര്യ ആക്സസ് സേവന ദാതാക്കള്‍ വിപണിയുടെ 91.85 ശതമാനം വിഹിതം കൈവശപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമായി, രണ്ട് പൊതുമേഖലാ യൂണിറ്റുകളായ ബിഎസ്‌എൻഎല്‍, എംടിഎൻഎല്‍ എന്നിവർക്ക് വിപണി വിഹിതത്തിന്റെ 8.15 ശതമാനം മാത്രമാണ് കൈവശമുള്ളത്.
രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 2024 ഓഗസ്റ്റ് അവസാനത്തില്‍ 1,163.83 ദശലക്ഷമായിരുന്നു. എന്നാല്‍ സെപ്തംബർ അവസാനത്തോടെ ഇത് 1,153.72 ദശലക്ഷമായി കുറഞ്ഞു. 0.87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നഗര പരിധിയില്‍ വരിക്കാരുടെ എണ്ണം 633.21 ദശലക്ഷത്തില്‍ നിന്ന് 628.12 ദശലക്ഷമായി കുറഞ്ഞു. ഗ്രാമീണമേഖലയിലെ വരിക്കാർ ഇതേ കാലയളവില്‍ 530.63 ദശലക്ഷത്തില്‍ നിന്ന് 525.60 ദശലക്ഷമായും കുറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക