പക്ഷാഘാതത്തെത്തുടർന്നാണ് ചകിരിക്കട സ്വദേശിയായ സജിത്തിനെ (42) ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖം ഭേദമായി വരുന്നതിനിടെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സുഹൃത്തിന്റെ സന്ദേശമെത്തി. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്നും സംസ്കാര ചടങ്ങിനും ആശുപത്രി ബില്‍ അടയ്ക്കാനും പണം വേണമെന്നുമായിരുന്നു സന്ദേശത്തില്‍. ആദ്യം ഞെട്ടിയെങ്കിലും തട്ടിപ്പാണെന്ന് മനസിലായതോടെ ഭാര്യ വഴി പൊലീസില്‍ പരാതി നല്‍കി.
അന്വേഷിച്ച് വന്നപ്പോഴാണ് ‘സ്നേഹനിധിയായ” അയല്‍ക്കാരാണ് സംഭവത്തിന് പിന്നിലെന്ന് അറിഞ്ഞത്. പള്ളിമുക്ക് ചകിരിക്കട സൈതലവി മൻസിലില്‍ നിസാമുദ്ദീൻ, വാളത്തുംഗല്‍ മാങ്കുഴിയില്‍ സുധീർ, വാളത്തുംഗല്‍ വയനക്കുളം ബാബുജി നഗറില്‍ ലുബീകർ എന്നിവരെ വഞ്ചനാകുറ്റം ചുമത്തി ഇരവിപുരം പൊലീസ് പൊക്കി. 19,000 രൂപയോളം സംഘം തട്ടിച്ചുണ്ടാക്കി.
പരിചയക്കാരായ സാമ്പത്തിക ശേഷിയുള്ളവരെ വിളിച്ച്, ജീവിച്ചിരിക്കുന്ന സജിത്തിന്റെ മൃതദേഹം മറവ് ചെയ്യാനും മരണാനന്തര ചടങ്ങുകള്‍ക്കും പണമില്ലാതെ കുടുംബം വിഷമിക്കുകയാണെന്നും ആശുപത്രിയില്‍ പണം അടയ്ക്കണമെന്നും അപേക്ഷിച്ചു. പിരിഞ്ഞുകിട്ടിയ പണം ഉപയോഗിച്ച് മൂവരും നന്നായി മിനുങ്ങി. ഇതിനിടെ സജിത്തിന്റെ സുഹൃത്തിനോടും പണം ചോദിച്ചു. അതോടെ പണിപാളി. അദ്ദേഹം ഇത് റെക്കാർഡ് ചെയ്ത് സജിത്തിന് അയയ്ക്കുകയായിരുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. വിശദമായി അന്വേഷിച്ച ശേഷം പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.








