സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികള്‍ രംഗത്ത്.സർക്കാരില്‍ സ്വാധീനം ചെലുത്തി പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.കെ.എസ്.ഇ.ബിയുടെ ഒത്താശയോടെയാണ് നീക്കം.
കാറ്റാടിപ്പാടം സ്വകാര്യവത്കരിക്കാനുള്ള രൂപരേഖ തയ്യാറായി കഴിഞ്ഞു. കാറ്റില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി 1995ല്‍ ആണ് ആരംഭിച്ചത്. ചുരം കടന്നെത്തുന്ന ശക്തമായ കാറ്റ്, യന്ത്രങ്ങള്‍ സ്ഥാപിക്കാൻ അനുകൂലമായ സമനിരപ്പുള്ള പ്രദേശം, ദേശീയപാതയുടെ സമീപമെന്ന നിലയില്‍ യന്ത്രങ്ങള്‍ എത്തിക്കാനുള്ള ഗതാഗത സൗകര്യം എന്നിവയെല്ലാം ഉണ്ടായിട്ടും കാറ്റാടിപ്പാടം ഏറ്റെടുക്കാൻ താല്‍പ്പര്യമുള്ളവർക്കായി ക്വട്ടേഷൻ ക്ഷണിച്ച് കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി.
ആഗസ്റ്റ് 10 നകം അപേക്ഷ സമർപ്പിക്കണമെന്നാണ് ക്വട്ടേഷനില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ തീരുമാനിക്കപ്പെട്ട ചില വൻകിട കമ്പനികള്‍ക്ക് കിട്ടാവുന്ന വിധത്തിലുള്ള ഉപാധികള്‍ ഉള്‍ക്കൊള്ളിച്ചാണ് താല്‍പ്പര്യപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്.ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ അന്തരീക്ഷമുണ്ടായിട്ടും വലിയ മുടക്ക് മുതല്‍ വേണ്ടി വരുമെന്ന കാരണം പറഞ്ഞ് പദ്ധതി കൈയ്യൊഴിയുകയാണ് കെ.എസ്.ഇ.ബി. അടുത്ത 25 വർഷത്തേക്കാണ് പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്.
ഇവർ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുകയും ചെയ്യും.1995 ല്‍ കഞ്ചിക്കോട്ടെ 38 ഏക്കർ സ്ഥലത്താണ് 9 കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചത്.കെ.എസ്.ഇ.ബി പദ്ധതി നിർവ്വഹണ ചുമതല വഹിക്കുകയും ചെയ്തു. 25 വർഷം പിന്നിട്ട കാറ്റാടി യന്ത്രങ്ങളുടെയും ജനറേറ്ററുകളുടെയും കാലാവധി 2020 ല്‍ അവസാനിച്ചു. വലിയ ചെലവ് വരുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി പിന്നീട് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
നിലവിലുള്ളവ മാറ്റി പുതിയ കാറ്റാടി യന്ത്രങ്ങളും ജനറേറ്ററുകളും സ്ഥാപിക്കാൻ 52 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും തുക മുടക്കാൻ കഴിയില്ലെന്ന കാരണത്താലാണ് സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയുമെന്നതാണ് കാറ്റാടിപ്പാടത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പകല്‍ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാറിനെക്കാള്‍ വലിയ ലാഭ സാധ്യത സ്വകാര്യ കമ്പനികള്‍ ഇതില്‍ കാണുന്നുണ്ട്.





