കെ.എസ്.ആർ.ടി.സിക്കു വേണ്ടി 5,000 പുതിയ ബസുകള്‍ അഞ്ച് പൈസ ചെലവില്ലാതെ ലഭ്യമാക്കാൻ ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കി.കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്നാണ് ബസ് ലഭ്യമാക്കുക. ഒന്നിന്റെ വില പൂർണമായും ഒരു സ്ഥാപനമോ വ്യക്തിയോ നല്‍കണമെന്നില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്രികള്‍ ഇതിനായി പ്രവർത്തിക്കും.
കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ ബസിനകത്തും പുറത്തും പതിക്കാം. ബസ് ഡിസൈൻ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനികളുടെ താല്‍പര്യം കൂടി പരിഗണിക്കും. വ്യക്തികള്‍ക്ക് പ്രിയപ്പെട്ടവരുടെ സ്മരണ നിലനിറുത്താൻ ഉള്‍പ്പെടെ ബസിനെ ഉപയോഗിക്കാം. പ്രിയപ്പെട്ടവരുടെ പേരും ചിത്രവും ബസില്‍ പതിക്കാനാകും.
ബസ് ലഭ്യമാക്കുന്നവരുടെ താല്‍പര്യത്തിനുസരിച്ച് ഓർഡിനറിയായോ സൂപ്പർ ക്ലാസ് സർവീസായോ ഓടിക്കാനാകും. ഇതിലൂടെ സ്ത്രീ സൗജന്യ യാത്ര പദ്ധതി കൂടുതല്‍ വിപുലീകരിക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 5 വർഷത്തിനുള്ളില്‍ 5,000 ബസുകള്‍ എന്ന ലക്ഷ്യം നേടാനാകുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകൂട്ടല്‍.
1,500 കോടി ലാഭം
36 ലക്ഷം രൂപ മുതല്‍ 43 ലക്ഷം വരെയാണ് പുതിയ ഡീസല്‍ ബസിന്റെ വില. 30 ലക്ഷമായാല്‍ പോലും 5,000 ബസിന് 1500 കോടി രൂപ വേണ്ടി വരും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം പദ്ധതി വിജയിച്ചാല്‍ വലിയ നേട്ടമാകും.
സർവത്ര പരസ്യം
സൗജന്യ സ്ത്രീയാത്ര പദ്ധതി ഓർഡിനറിയില്‍ മാത്രം നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം ശരാശരി രണ്ടു കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്. ഈ നഷ്ടം പരിഹരിക്കുന്നതിന് ബസുകളില്‍ പരസ്യം പ്രയോജനപ്പെടുത്തും. എല്ലാ ബസിന്റെയും അകത്ത് എ.ഇ.ഡി വാളുകള്‍ സ്ഥാപിച്ച് പരസ്യം പ്രദർശിപ്പിക്കും. ഓരോ സീറ്രിനു പുറകിലും പരസ്യം പതിക്കാനും ആലോചിക്കുന്നുണ്ട്.





