വീടും വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമടക്കം കാണിച്ച് ഹോം ടൂർ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചതിന് പിന്നാലെ യുവതിയുടെ വീട്ടില്‍ വൻ കവർച്ച.മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിലെ യൂട്യൂബർ രചന ഗുർജറിൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മൊഹാനി ഗ്രാമത്തിലുള്ള ഇവരുടെ വീട്ടില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
രചനയെയും കുടുംബത്തെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങള്‍, പണം, എനർജി ഡ്രിങ്ക്സ് അടങ്ങിയ കാർട്ടണ്‍ എന്നിവ കവർച്ചക്കാർ കവർന്നതായാണ് കുടുംബത്തിന്റെ പരാതി.
പുലർച്ചെ രണ്ട് മണിയോടെ കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നതെന്ന് രചന ഗുർജർ പറഞ്ഞു. തങ്ങളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് അവർ കവർച്ച നടത്തിയത്. തങ്ങളുടെ മുഖം റെക്കോർഡ് ചെയ്യാതിരിക്കാൻ സിസിടിവി ക്യാമറകളുടെ ആംഗിള്‍ ലാത്തി ഉപയോഗിച്ച് മോഷ്ടാക്കള്‍ മാറ്റി വെച്ചിരുന്നു. പുലർച്ചെ നാല് മണിയോടെ ഉണർന്നപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയ വിവരം കുടുംബം അറിയുന്നത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും അവർ എത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ നർവാർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മുഖംമൂടി ധരിച്ച കവർച്ചക്കാരൻ ലാത്തി ഉപയോഗിച്ച് സിസിടിവി ക്യാമറയുടെ ദിശ മാറ്റുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഇതേ ഗ്രാമത്തിലുള്ളവരോ സമീപപ്രദേശങ്ങളിലുള്ളവരോ ആകാനാണ് സാധ്യതയെന്നും കുടുംബത്തിൻ്റെ നീക്കങ്ങളെക്കുറിച്ച് ഇവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ശിവ്പുരി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് മുലെ കവർച്ച സ്ഥിരീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള രചന അടുത്തിടെ തൻ്റെ വീട്, ആഭരണങ്ങള്‍, പണം, ജീവിതരീതി എന്നിവ കാണിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയില്‍ വീടിൻ്റെ മുൻവാതില്‍ മുതല്‍ മുറികള്‍ വരെയുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊന്നില്‍ വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മേശപ്പുറത്ത് വെച്ച് ചിത്രീകരിച്ചിട്ടുമുണ്ട്. ഈ വീഡിയോകള്‍ കണ്ട് വീടിൻ്റെ ഘടനയും സുരക്ഷാസംവിധാനങ്ങളും മനസ്സിലാക്കിയാകാം മോഷ്ടാക്കള്‍ കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.








