ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെയാണ് ബബിത പാണ്ഡെയെ (24) കാണാതായത്.കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തു.

നൈനിറ്റാള്‍ സ്വദേശിനിയായ ബബിത പാണ്ഡെ സുഹൃത്തുക്കളായ ഹർമൻപാല്‍ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവർക്കൊപ്പമാണ് ഉത്തരകാശിയില്‍ എത്തിയത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹർസില്‍, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 28-ന് റൈത്തല്‍ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി ക്യാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച്‌ കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലില്‍ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാല്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പില്‍ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി.

യുവതിയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയില്‍ നിന്നുള്ള 150 അംഗ സംഘമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇടതൂർന്ന വനമേഖലകള്‍, ട്രെക്കിംഗ് പാതകള്‍, ഗുഹകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ സ്നിഫർ നായകളെയും ഡ്രോണുകളെയും ഉപയോഗിച്ചാണ് പരിശോധന.

ഇതിനുപുറമെ, ഗോയി ക്യാമ്പ് സൈറ്റിന് സമീപമുള്ള തടാകത്തില്‍ തെരച്ചില്‍ നടത്തുന്നതിനായി ആറംഗ ഡൈവിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് ബബിതയുടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുകയും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വിവരങ്ങള്‍ ലഭിക്കുന്നവർ 01374-222116, 9411112863, 8193990347 എന്നീ ഹെല്‍പ്പ് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.

ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ റദ്ദാക്കി

ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘പ്രോ മൗണ്ടൻ’എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ അധികൃതർ സസ്പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെ പൊലീസ് ചോദ്യം ചെയ്തു. ടൂറിസം പോർട്ടലായ ‘എക്‌സ്‌പ്ലോർ ഉത്തരകാശി’ വഴി ബബിതയുടെയോ സുഹൃത്തുക്കളുടെയോ പേരില്‍ സാധുവായ ഡിജിറ്റല്‍ പെർമിറ്റുകള്‍ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉത്തരകാശി ജില്ലാ ടൂറിസം ഓഫീസർ കെ കെ ജോഷി സ്ഥിരീകരിച്ചു.

പ്രതിദിനം 150 ട്രെക്കർമാർ എന്ന പരിധി ലംഘിച്ച്‌, കാലാവധി കഴിഞ്ഞ ഒരു ഫിസിക്കല്‍ പെർമിറ്റില്‍ ബബിതയുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്. ചെക്ക്‌പോസ്റ്റില്‍ ഈ പെർമിറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തപ്പോള്‍ മുൻപ് യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ലഭിച്ചത്. ഈ വ്യാജരേഖ ചമയ്ക്കല്‍ കാരണം അവരെ കൊണ്ടുപോയ ഏജൻസിയെ തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ബബിതയെ കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക