ഐഐടി ബിരുദം നേടിയ ശേഷം ആള്‍ദൈവമായി ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത 29-കാരൻ ഉത്തർപ്രദേശിലെ മഥുരയില്‍ പോലീസിന്റെ പിടിയിലായി.ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ അഭിഷേക് മിശ്രയാണ് മഥുര റൂറല്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ സ്വയം ‘ആദികർത്ത നരേൻ ദാസ്’ എന്ന് പുനർനാമകരണം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
2021-ല്‍ പ്രശസ്തമായ ഐഐടി റൂർക്കിയില്‍ (IIT-Roorkee) നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് അഭിഷേക് ലഹരിയുടെയും ആള്‍ദൈവത്തിന്റെയും വഴിയിലേക്ക് തിരിഞ്ഞത്. ഏകദേശം മൂന്ന് വർഷം മുമ്പ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധ കുണ്ഡിലേക്ക് താമസം മാറിയ ഇയാള്‍, അവിടെ സ്വന്തമായി വാങ്ങിയ വസതി ഒരു ആശ്രമമാക്കി മാറ്റുകയായിരുന്നു എന്ന് മഥുരയിലെ പോലീസ് സൂപ്രണ്ട് സുരേഷ് ചന്ദ്ര റാവത്ത് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെയും യുവതികളെയും ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ നീക്കങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈൻ പ്രഭാഷണങ്ങളിലൂടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ആകർഷിച്ച് ഇയാള്‍ ആശ്രമത്തിലേക്ക് ക്ഷണിക്കുമായിരുന്നു. ആശ്രമത്തില്‍ എത്തുന്നവരുടെ മനസ്സ് പൂർണ്ണമായി മാറ്റിമറിക്കുന്ന (Brainwash) രീതിയായിരുന്നു ഇയാളുടേത്.
ആശ്രമത്തില്‍ താമസിക്കുന്ന ശിഷ്യന്മാർക്കിടയില്‍ സ്വന്തം ഇഷ്ടപ്രകാരം ‘ഗന്ധർവ്വ വിവാഹ’ ചടങ്ങുകള്‍ നടത്തുകയും, തന്റെ സ്വാധീനവലയത്തില്‍പ്പെടുന്ന സ്ത്രീകളെ ഇയാള്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ഛത്തീസ്ഗഢില്‍ നിന്നുള്ള 22 കാരിയായ യുവതി നല്‍കിയ പരാതിയാണ് ഇയാളുടെ കപടമുഖം പൊളിച്ചത്. മഥുരയിലുള്ള തന്റെ സഹോദരിയെ കാണാൻ എത്തിയ യുവതി ഇയാളുടെ കെണിയില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ മെയ് 17-ന് യുവതിക്ക് ലഹരിമരുന്ന് നല്‍കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
മെയ് 19-ന് നാട്ടിലേക്ക് മടങ്ങിയ യുവതി ഇയാളുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിച്ചെങ്കിലും, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്യല്‍ തുടർന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പ്രസാദമെന്ന പേരില്‍ മിശ്ര തനിക്ക് ലഹരിവസ്തു കലക്കിയ പാല്‍ നല്‍കിയെന്ന് യുവതി പരാതിയില്‍ പറഞ്ഞു. മെയ് 25-ന് ഗോവർധൻ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കൊള്ളയടിക്കല്‍ [Sec 308(2)], ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ [Sec 351(2)], സ്ത്രീയെ വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം (Sec 76), ലൈംഗിക പീഡനം [Sec 75(2)] എന്നീ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തിയ മധ്യപ്രദേശിലെ ഛത്തർപൂർ, ഛത്തീസ്ഗഢിലെ ബിലാസ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളെയും ഒരു യുവാവിനെയും പോലീസ് മോചിപ്പിച്ച് കുടുംബത്തോടൊപ്പം അയച്ചു. കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.





