വളരെ വിശാലമായ ക്യാംപസ്, ഇഷ്ടം പോലെ മരങ്ങള്‍, എത്രനേരം വേണമെങ്കിലും വെറുതെ നടക്കാവുന്ന വിശാലത… ഇങ്ങനെയൊക്കെ ഒരിടത്ത് പഠിക്കണമെന്നാവും പലരുടേയും ആഗ്രഹം.എന്നാല്‍, ഇവിടെ പഠിക്കുന്ന ആളുകള്‍ക്കെല്ലാം അതേ അഭിപ്രായമില്ല എന്നാണ് ഈ വിദ്യാർത്ഥിനി പറയുന്നത്. എൻഐടി ഭോപ്പാലിലെ പൂജ എന്ന വിദ്യാർത്ഥിനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.
ഐഐടി, എൻഐടി കാമ്പസുകളുടെ വലിപ്പവും വിശാലതയും പുറമേ നിന്ന് നോക്കുമ്പോള്‍ മനോഹരമായി തോന്നുമെങ്കിലും, വിദ്യാർത്ഥികള്‍ പലപ്പോഴും വളരെ വ്യത്യസ്തമായ യാഥാർത്ഥ്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് പൂജ പറയുന്നത്.
‘ഐഐടികളിലും എൻഐടികളിലും പഠിക്കുന്നവർക്ക് മാത്രമേ വലിയ ക്യാമ്പസ് ഒരു അനുഗ്രഹമല്ല, അതൊരു ശാപമാണെന്ന് അറിയൂ. ഞാൻ എൻഐടി ഭോപ്പാലിലാണ് പഠിക്കുന്നത്, 600+ ഏക്കർ വിസ്തൃതിയുള്ള ഈ ക്യാമ്പസിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് ഞാൻ നിങ്ങള്‍ക്ക് കാണിച്ചുതരാം’ എന്ന് പൂജ പറയുന്നത് കാണാം. തുടർന്ന് അവള്‍ തന്റെ ഹോസ്റ്റലിന് ചുറ്റുമുള്ള പ്രദേശം കാണിച്ചുതരുന്നു. അത് വനത്താല്‍ ചുറ്റപ്പെട്ടതാണ് എന്ന് പറയുന്നതും കാണാം. ‘ഇത് എന്റെ ഹോസ്റ്റലാണ്, ഈ പ്രദേശം മുഴുവൻ വെറും കാടാണ്. കാട് മാത്രം. മറ്റൊന്നുമില്ല. ഹോസ്റ്റലില്‍ നിന്ന് ക്ലാസിലേക്ക് പോകാൻ അക്ഷരാർത്ഥത്തില്‍ 20 മിനിറ്റ് എടുക്കും’ എന്നും അവള്‍ പറയുന്നു.





