എസ്‌എസ്‌എല്സി പരീക്ഷയില് ജില്ലയില്‍ നിന്ന് 20,418 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 14,300 മാത്രം.സർക്കാർ മേഖലയില്‍ 8,550 ഉം എയ്ഡഡ് മേഖലയില്‍ 3,650 ഉം അണ്‍ എയ്ഡഡ് മേഖലയില്‍ രണ്ടായിരവും മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ നൂറും സീറ്റുകളാണ് ജില്ലയില്‍ പ്ലസ് വണ്ണിനുള്ളത്.

മുൻവർഷങ്ങളില്‍ മുഴുവൻ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കാൻ പ്രയാസം നേരിട്ട സാഹചര്യത്തില്‍ സർക്കാർ ഉത്തരവിലൂടെ സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ 20 മുതല്‍ 30 ശതമാനം വരെ സീറ്റുകള്‍ താത്കാലികമായി വർധിപ്പിച്ചിരുന്നു. ഈ വർഷം ഇതുവരെ അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല. പുതിയ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആയിരത്തിനടുത്ത് സീറ്റുകള്‍ വിഎച്ച്‌എസ്‌ഇ വിഭാഗത്തിലും ഏതാണ്ട് അത്രതന്നെ സീറ്റുകള്‍ പോളിടെക്നിക്, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളിലുമായുണ്ട്. പക്ഷേ ഇതെല്ലാം ചേർത്താല്‍ പോലും ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തിനൊപ്പം വരില്ലെന്നതാണ് യാഥാർഥ്യം.

എസ്‌എസ്‌എല്‍സി പരീക്ഷ പാസായ കുട്ടികള്‍ക്കൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ പാസായ കുട്ടികളും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുണ്ടാകും. ഇത്തവണ എ പ്ലസുകളുടെ എണ്ണം കുറഞ്ഞതുമൂലം സീറ്റിനായുള്ള മത്സരത്തില്‍ എസ്‌എസ്‌എല്‍സിക്കാർ പിന്തള്ളപ്പെടാനും ഇടയുണ്ട്. ഇഷ്ടവിഷയങ്ങളും ഇഷ്ട സ്കൂളുകളും ലഭിക്കാൻ ഇത്തവണയും ഇവർക്ക് പ്രയാസപ്പെടേണ്ടിവരുമെന്ന് ഏതാണ്ടുറപ്പാണ്.

ജില്ലയുടെ വടക്കൻ മേഖലയില്‍ കുട്ടികളില്‍ പലരും ഉപരിപഠനത്തിന് കർണാടകയില്‍ പോകുന്നതു മൂലം പ്ലസ് വണ്‍ സീറ്റുകള്‍ക്ക് ആവശ്യം കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.എന്നാല്‍ തെക്കൻ മേഖലയില്‍ സീറ്റ് ക്ഷാമം വലിയ തോതില്‍ അനുഭവപ്പെടാനിടയുണ്ട്. ഈ മത്സരത്തില്‍ ഒന്നോ രണ്ടോ എ പ്ലസുകളുടെ എണ്ണം കുറഞ്ഞതുപോലും വിദ്യാർഥികളെ വലിയ തോതില്‍ സമ്മർദത്തിലാക്കുമെന്നാണ് ആശങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക