24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ച്‌ കൊന്ന വിമുക്തഭടനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്. ഉത്തർപ്രദേശിലെ ചണ്ടൗലി ജില്ലയിലാണ് സംഭവം.പ്രയാഗ്‌രാജില്‍ നിന്നും ചണ്ടൗലിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ മുൻ സൈനികനായ ഗുർപ്രീത് സിംഗ് (46) ആണ് ട്രെയിനില്‍ വച്ച്‌ രണ്ടുപേരെയും ആശുപത്രിയില്‍ വച്ച്‌ ഒരാളെയും കൊലപ്പെടുത്തിയത്.

തുടർന്ന് സംഭവത്തിന്റെ തെളിവെടുപ്പിനായി സകല്‍ദിഹ എന്ന ഗ്രാമത്തിലെത്തിച്ചപ്പോള്‍ ഇയാള്‍ പൊലീസിനുനേരെ വെടിവച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് തിരികെ നടത്തിയ വെടിവയ്‌പ്പില്‍ ഗുർപ്രീതിന് പരിക്കേറ്റു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം.രണ്ട് പൊലീസുകാർക്കും ഇയാള്‍ നടത്തിയ വെടിവയ്‌പ്പില്‍ പരിക്കേറ്റു. ഒരു സബ് ഇൻസ്‌പെക്‌ടർക്കും ഒരു കോണ്‍സ്റ്റബിളിനുമാണ് വെടിയേറ്റത്. കൈയിലാണ് ഇരുവർക്കും വെടിയേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻ സൈനികനായ ഗുർപ്രീതിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ഇയാള്‍ ആക്രമണകാരിയായിരുന്നെന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പ് നടത്തവെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച്‌ ഇയാള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസ് തിരിച്ച്‌ വെടിവച്ചു. നെഞ്ചിലും വയറിലുമാണ് ഇയാള്‍ക്ക് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു, അമിതമദ്യപാനത്തെ തുടർന്ന് മാനസിക വിഭ്രാന്തി ബാധിച്ചയാളായിരുന്നു ഗുർപ്രീത് സിംഗ്.

ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ ആണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. പിഡിഡി-താരിഖഡ് പാസഞ്ചറില്‍ യാത്രചെയ്യവെ മംഗ്രു (34) എന്ന യാത്രക്കാരനെ മേയ് 10ന് ഇയാള്‍ വെടിവച്ച്‌ കൊന്നു. ഇയാളുടെ മൃതദേഹം ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ചെയ്‌തു. വെടിയൊച്ച കേട്ട് മറ്റ് യാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും വേഗം കുറഞ്ഞ ട്രെയിനില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. മേയ്11ന് പുലർച്ചെ രണ്ടോടെ ജമ്മുതാവി എക്‌സ്‌പ്രസില്‍ യാത്രചെയ്യവെ മറ്റൊരാളുടെ തലയ്‌ക്ക് വെടിവച്ച്‌ ഇയാള്‍ കൊലപ്പെടുത്തി. അതേദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ വീരേന്ദ്ര എന്ന വ്യാജ പേരില്‍ ഒരു രോഗിയായി ചികിത്സതേടിയ പ്രതി അവിടെ രോഗത്തിന് ചികിത്സ തേടിയ ഒരു സ്‌ത്രീയെയും കൊലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക