മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ബാബുരാജ്. സംഘടനയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പോലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നുമാണ് ബാബുരാജ് പറഞ്ഞത്.അമ്മയിലെ ജീവനക്കാരിയായ അതുല്യ നല്‍കിയ പരാതി വിവാദമായതിനു പിന്നാലെയാണ് ബാബുരാജിന്റെ പ്രതികരണം.
അതുല്യ എക്സിക്യൂട്ടീവില്‍ നല്‍കിയ പരാതി വായിച്ചാല്‍ ആരുടെയും തല കറങ്ങിപ്പോകും. അമ്മയുടെ ജോയിന്‍റ് സെക്രട്ടറി എന്ന നിലയ്‌ക്കാണ് ഇതു പറയുന്നത്. അവിടുത്തെ മാനേജർ പോസ്റ്റിലുള്ള ഒരാളെ പുറത്താക്കാൻ അവർക്ക് സെക്യൂരിറ്റിയുമായി അവിഹിത ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞാല്‍ എന്താണ് അമ്മയുടെ ഓഫിസില്‍ നടക്കുന്നത്.
അവിടെ ട്രഷറൻ അധികാരം കൈയടക്കിയിരിക്കുകയാണ്. മുൻപ് സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഇപ്പോള്‍ ട്രഷററാണ് ചെയ്യുന്നത്. ട്രഷറർ അവിടെ വെളുക്കും വരെ ഇരിക്കുകയാണ്. ജോയിന്‍റ് സെക്രട്ടറിയായിരുന്ന അൻസിബയുടെ ഓഫിസ് പോലും അയാള്‍ കൈയടക്കി വച്ചിരിക്കുകയായിരുന്നു. അൻസിബയ്‌ക്കെതിരേ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി ജീവനക്കാരി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു പുറത്തു പറയാൻ പോലും പറ്റില്ല. അതുകൊണ്ടായിരിക്കും മനസു മടുത്ത് അൻസിബ രാജി വച്ചതെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ പ്രവർത്തിക്കും എന്നു പറഞ്ഞു വന്നിട്ട് ഇതാണ് അവസ്ഥ. മുൻഭാരവാഹികള്‍ പ്രതികരിക്കാത്തത് പേടിച്ചിട്ടല്ല, സ്ത്രീകളെ ഭരിക്കാൻ സമ്മതിക്കുന്നില്ല എന്നു വരുത്തിത്തീർക്കണ്ട എന്നു കരുതിയിട്ടാണ്. ലാലേട്ടൻ പ്രസിഡന്‍റായിരുന്ന സമയത്ത് ഒരു ലൈറ്റ് മാറിയാല്‍ പോലും അറിയുമായിരുന്നു. ഇപ്പോള്‍ പ്രസിഡന്‍റ് ഒന്നും അറിയില്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. സംഘടന കാലാകാലങ്ങളായി നടത്തിയിരുന്ന ക്ഷേമപ്രവർത്തനങ്ങള്‍ പോലും അട്ടിമറിച്ചു. ചികിതസയില്‍ കഴിയുന്ന ബീന കുമ്പളങ്ങിക്ക് നല്‍കിക്കൊണ്ടിരുന്ന സഹായം നിർത്തിയെന്നു മാത്രമല്ല, അവർ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും ബാബുരാജ് ആരോപിക്കുന്നു.








