കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ എസ്കലേറ്റർ അപകടവും സ്റ്റേഷനിലെ നവീകരണവും കണക്കിലെടുത്ത് പേട്ട സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാൻ നീക്കം.നിർമ്മാണം നടക്കുന്നതിനാല്‍ ഇവിടെ പുറത്തേക്കുള്ള കവാടങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കാൻ റെയില്‍വേ സുരക്ഷാവിഭാഗം പ്രയാസപ്പെടുകയാണ്. ചൊവ്വാഴ്ചയാണ് യാത്രക്കാർ കയറിയ എസ്കലേറ്റർ നിലച്ച് പിന്നോട്ടുനീങ്ങി അപകടമുണ്ടായത്.
പുലർച്ചെ 5നെത്തുന്ന അമൃത എക്‌സ്‌പ്രസ് മുതല്‍ 11.10നെത്തുന്ന ചെന്നൈ മെയില്‍ വരെ 13 ട്രെയിനുകളാണ് ദിവസവും രാവിലെ തലസ്ഥാനത്തെത്തുന്നത്. കൊച്ചുവേളി വരെയുള്ള രണ്ടെണ്ണം ഒഴിവാക്കിയാല്‍ ബാക്കി 11 ട്രെയിനുകളും സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് നിറുത്തുക. മെഡിക്കല്‍ കോളേജിലേക്കും ആർ.സി.സിയിലേക്കുമുള്ള രോഗികള്‍,സ്‌കൂള്‍-കോളേജ് വിദ്യാർത്ഥികളും സെക്രട്ടേറിയറ്റിലെത്തുന്ന സർക്കാർ ജീവനക്കാരും ജനങ്ങളും ഉള്‍പ്പെടെ പതിനായിരണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ വന്നിറങ്ങുന്നത്.
തമ്പാനൂരിലേക്കുള്ള 11ട്രെയിനുകളില്‍ രണ്ടെണ്ണം പാസഞ്ചറുകളാണ്. ബാക്കി ഒമ്പത് ട്രെയിനുകളില്‍ അഞ്ചെണ്ണവും പേട്ടയില്‍ നിറുത്താറില്ല. സെൻട്രല്‍ സ്റ്റേഷനില്‍ പുറപ്പെടാനുള്ള ട്രെയിനുകള്‍ കാരണം പ്ളാറ്റ്ഫോം ഒഴിവുണ്ടാകില്ല. ഇതോടെ ട്രെയിനുകള്‍ ഒൗട്ടറുകളില്‍ പിടിച്ചിടുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. പുലർച്ചെ 5.15നുള്ള വന്ദേഭാരത് മുതല്‍ 10.40നുള്ള പൂനെ എക്‌സ്‌പ്രസ് വരെ ഒരുഡസനോളം ട്രെയിനുകളാണ് രാവിലെ സെൻട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നത്. ഇതിനെല്ലാം കൂടി ആകെയുള്ളത് അഞ്ച് പ്ളാറ്റ്ഫോമുകള്‍ മാത്രം.
വഞ്ചിനാടിന് പേട്ടയില്‍ സ്റ്റോപ്പ് വേണം
സർക്കാർ ജോലിക്കാർ കൂടുതലും ആശ്രയിക്കുന്നത് രാവിലെ പത്തോടെ തലസ്ഥാനത്തെത്തുന്ന ഇന്റർസിറ്റിയേയും വഞ്ചിനാടിനേയുമാണ്. ഇന്റർസിറ്റി ആലപ്പുഴ വഴിയും വഞ്ചിനാട് കോട്ടയം വഴിയുമാണെത്തുന്നത്. ഇന്റർസിറ്റിക്ക് പേട്ടയില്‍ സ്റ്റോപ്പുണ്ട്. രാവിലെ 5.05ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന വഞ്ചിനാടിന് 9.30ന് കഴക്കൂട്ടത്തും 9.40ന് തിരുവനന്തപുരത്ത് സെൻട്രലിലുമെത്തും. സെൻട്രലില്‍ എത്തുന്നതിന് മുമ്പ് മൂന്നാംമനയ്ക്കല്‍,ഉപ്പിടാംമൂട് പാലം എന്നിവിടങ്ങളില്‍ പിടിച്ചിടും. പേട്ടയില്‍ സ്റ്റോപ്പുണ്ടെങ്കില്‍ നിയമസഭ,യൂണിവേഴ്സിറ്റി,മെഡിക്കല്‍ കോളേജ്,ആർ.സി.സി,പബ്ലിക്ക് ഓഫീസ്,വികാസ് ഭവൻ തുടങ്ങിയ ഒാഫീസുകളിലേക്കും മെഡിക്കല്‍ കോളേജ്,ശ്രീചിത്ര,ഡെന്റല്‍ കോളേജ്,എസ്.എ.ടി, ആർ.സി.സി,ജനറല്‍ ആശുപത്രി തുടങ്ങിയ പ്രധാനപ്പെട്ട ആശുപത്രികളിലേക്കും ആളുകള്‍ക്ക് കുരുക്കില്‍ പെടാതെ എത്താം.
രാവിലെ തലസ്ഥാനത്തെത്തുന്ന ട്രെയിനുകള്‍
കൊച്ചുവേളിവരെ
രാജ്യറാണി,മൈസൂർ-കൊച്ചുവേളി
പേട്ടയില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍
മലബാർ,കൊല്ലം-തിരുവനന്തപുരം പാസഞ്ചർ,പൂനെ-കന്യാകുമാരി,
പുനലൂർ-കന്യാകുമാരി പാസഞ്ചർ,ഇന്റർസിറ്റി,ചെന്നൈ മെയില്‍
പേട്ടയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍
അമൃത,ഗുരുവായൂർ-ചെന്നൈ എഗ്മൂർ,മാവേലി,ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്,
വഞ്ചിനാട്,വഞ്ചിനാട് എക്‌സ്‌പ്രസിന് പേട്ടയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് അപേക്ഷിച്ച്
റെയില്‍വേയ്‌ക്ക് കഴിഞ്ഞ വർഷവും നിവേദനം നല്‍കിയിരുന്നു.
-ഫ്രണ്ട് ഓണ്‍ റെയില്‍സ് പാസഞ്ചേഴ്സ് അസോസിയേഷൻ





