ദക്ഷിണേന്ത്യൻ സിനിമാ നിർമാണ രംഗത്തെ അതികായനും ‘സൂപ്പർ ഗുഡ് ഫിലിംസി’ന്റെ സ്ഥാപകനുമായ ആർ.ബി ചൗധരിയുടെ വിയോഗം ചലച്ചിത്ര ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖർ ആദരാഞ്ജലികള്‍ അർപ്പിക്കാനെത്തി.
സംസ്കാര ചടങ്ങുകള്‍ക്കിടെ സൂപ്പർതാരം വിജയ് ആർ.ബി ചൗധരിയുടെ മകനും തന്റെ ഉറ്റ സുഹൃത്തായ ജീവയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ നോവ് പടർത്തുന്ന കാഴ്ചയായി.
അച്ഛന്റെ വിയോഗത്തില്‍ തകർന്നുപോയ ജീവ, വിജയിയെ കണ്ടതോടെ നിയന്ത്രണം വിട്ട് വികാരാധീനനായി പൊട്ടിക്കരയുകയായിരുന്നു. തുടർന്ന് വിജയ് ജീവയെ കെട്ടിപ്പിടിക്കുകയും ഏറെ നേരം ചേർത്തുപിടിച്ച് ആശ്വാസം പകരുകയും ചെയ്തു. ‘നൻപൻ’ എന്ന സിനിമയിലൂടെ ദൃഢമായ ഇരുവരുടെയും സൗഹൃദം വെള്ളിത്തിരയ്ക്ക് പുറത്തും എത്രത്തോളം ആഴമുള്ളതാണെന്ന് ഈ നിമിഷങ്ങള്‍ സാക്ഷ്യപ്പെടുത്തി. സൂപ്പർതാരം എന്നതിലുപരി ഒരു സഹോദരനായി ജീവയ്ക്കും കുടുംബത്തിനും താങ്ങായി നില്‍ക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വിജയിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാതാക്കളില്‍ ഒരാളായിരുന്നു ആർ.ബി ചൗധരി. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും വിജയും ഒന്നിച്ചഭിനയിച്ച തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജില്ല’ നിർമിച്ചത് ആർ.ബി ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആയിരുന്നു. വിജയിയുടെ കരിയറിലെ വൻ ബ്രേക്കുകളായ ‘പൂവൈ ഉനക്കാകെ’, ‘ലവ് ടുഡേ’, ‘തുള്ളാത മനവും തുള്ളും’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ നിർമാണത്തില്‍ പുറത്തുവന്നവയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലായി തൊണ്ണൂറിലധികം സിനിമകള്‍ നിർമിച്ച അദ്ദേഹം അനേകം യുവപ്രതിഭകള്‍ക്ക് സിനിമയിലേക്കുള്ള വഴിതുറന്നു കൊടുത്ത വ്യക്തിത്വമായിരുന്നു.
ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മോഹൻലാല്‍, മമ്മൂട്ടി, രജനീകാന്ത് തുടങ്ങിയ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. കഥകളില്‍ വിശ്വസിച്ചിരുന്ന ഉന്നതനായ ഒരു മനുഷ്യനെയാണ് ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായതെന്ന് മോഹൻലാല്‍ അനുസ്മരിച്ചു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ മക്കളായ ജീവയ്ക്കും ജിതൻ രമേശിനും ആരാധകരും സഹപ്രവർത്തകരും ആശ്വാസം നേർന്നു. ദക്ഷിണേന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഒരു വലിയ അധ്യായത്തിനാണ് ആർ.ബി ചൗധരിയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.















