പ്രദർശനാനുമതിക്കായി നിയമപോരാട്ടം തുടരുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പുതിയ ചിത്രം ‘ജനനായകൻ’ ഓണ്‍ലൈനില്‍ ചോർന്നു.ചിത്രത്തിന്റെ നിർണായക ഭാഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ ലാപ്‌ടോപ്പില്‍നിന്ന് പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിജയ്‌യുടെ മാസ് ഇൻട്രോ സീൻ, ടൈറ്റില്‍ കാർഡ്, നേരത്തെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ എന്ന പാട്ടിന്റെ ദൃശ്യങ്ങള്‍ എന്നിവയാണ് എക്‌സ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ സർപ്രൈസ് കാമിയോ വേഷങ്ങളെക്കുറിച്ചുള്ള സൂചനകളും ഇത്തരത്തില്‍ പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗവും ചോർന്നതായും റിപ്പോർട്ടുകളുണ്ടെങ്കിലും നിർമാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പൂർണ്ണസമയ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു.
സെൻസർ തടസ്സങ്ങള്‍ക്കെതിരെ നിർമാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് സിനിമയുടെ ദൃശ്യങ്ങള്‍ ചോർന്നത് അണിയറ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. സംഭവത്തില്‍ നിർമ്മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















