വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച്‌ എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം.ആഭ്യന്തര റൂട്ടുകളില്‍ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധന വില മാർച്ച്‌ അവസാനത്തോടെ 195.19 ഡോളറായി ഉയർന്നിരുന്നതിനെ തുടർന്നാണ് പുതിയ നീക്കം. ഏകദേശം 100 ശതമാനം വർദ്ധനവാണ് ഇന്ധന വിലയില്‍ ഉണ്ടായത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥയാണ് ഇന്ധന വിപണിയെ തകിടം മറിച്ചത്. വില കമ്പനികള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായതിനാല്‍ അതിന്റെ ഒരു ഭാഗം യാത്രക്കാരില്‍ നിന്ന് ഈടാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുവരെ ആഭ്യന്തര സർവീസുകളില്‍ ഒരേ നിരക്കിലായിരുന്നു സർചാർജ് ഈടാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ യാത്രയുടെ ദൂരത്തിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. പുതുക്കിയ നിരക്കുകള്‍ പ്രകാരം 500 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകള്‍ക്ക് 299 രൂപയാണ് അധികമായി നല്‍കേണ്ടി വരിക. 501 മുതല്‍ 1,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 399 രൂപയും, 1,001 മുതല്‍ 1,500 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് 549 രൂപയും സർചാർജ് ഇനത്തില്‍ ഈടാക്കും.

1,501 കിലോമീറ്റർ മുതല്‍ 2,000 കിലോമീറ്റർ വരെയുള്ള ദീർഘദൂര ആഭ്യന്തര, സർവീസുകള്‍ക്ക് 749 രൂപയാണ് വർദ്ധനവ്. 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്കാണ് ഏറ്റവും ഉയർന്ന സർചാർജ് നല്‍കേണ്ടത്. ഇതിനായി യാത്രക്കാർ ടിക്കറ്റ് നിരക്കിന് പുറമെ 899 രൂപ അധികമായി നല്‍കണം. ഓരോ സെക്ടറിനും സർചാർജ് ബാധകമാണ്. അതായത് ഡല്‍ഹിയില്‍ നിന്ന് മുംബയ് വഴി ബംഗളൂരുവിലേക്ക് പോകുന്ന ഒരു കണക്ഷൻ ഫ്‌ളൈറ്റില്‍ രണ്ട് സെക്ടറുകള്‍ ഉള്ളതിനാല്‍ രണ്ട് തവണ സർചാർജ് നല്‍കേണ്ടി വരും.

അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള സർചാർജിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒരു ഡോളറിന് 93 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍, സാർക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇനി 24 ഡോളർ ഏകദേശം 2,232 രൂപ അധികം നല്‍കണം. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ 4,650 രൂപയും, സിംഗപ്പൂരിലേക്ക് 5,580 രുപയുമാണ് സർചാർജ് വർദ്ധിപ്പിച്ചത്.

ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് 9,300 രൂപയും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏകദേശം 12,090 രൂപയുമാണ് യാത്രക്കാർ അധികമായി നല്‍കേണ്ടി വരിക. ദീർഘദൂര റൂട്ടുകളായ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലേക്ക് ഏകദേശം 19,065 രൂപയാണ് സർചാർജ്. ഏറ്റവും ഉയർന്ന തുക ഈടാക്കുന്നത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ്. ഇവിടെ ഒരാള്‍ക്ക് ഒരു സെക്ടറില്‍ ഏകദേശം 26,040 വരെ അധിക ബാധ്യതയുണ്ടാകും. വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക