ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ വാർത്തകളില്‍ ഇടം നേടിയ ‘ജനനായക’നായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.എന്നാല്‍ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളിലും ട്രോളുകളിലും ഉയർന്നു വരികയാണ്.
ഗൂഗിള്‍ ജെമിനി എഐയുടെ വാട്ടർമാർക്ക് ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയത്. ഏകദേശം 400 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ഇത്രയും വലിയൊരു പ്രോജക്റ്റില്‍ അണിയറപ്രവർത്തകർ കാണിച്ച അശ്രദ്ധ, വിജയ്‌യെ പോലുള്ള ഒരു സൂപ്പർതാരത്തിന് ലഭിക്കേണ്ട അന്തസ്സാർന്ന യാത്രയയപ്പിന് മങ്ങലേല്‍പ്പിച്ചു എന്നാണ് ഉയരുന്ന പ്രധാന പരാതി.
ട്രെയിലറിന്റെ 23-ാം സെക്കൻഡില്‍ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തില്‍ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണപ്പെട്ടത്. കോടികള്‍ മുടക്കി നിർമിക്കുന്ന ഒരു ചിത്രത്തില്‍ ലളിതമായ ഒരു ഷോട്ടിനായി എഐ ഉപയോഗിച്ചതും അതിന്റെ വാട്ടർമാർക്ക് പോലും നീക്കം ചെയ്യാൻ മറന്നുപോയതും അണിയറപ്രവർത്തകരുടെ അശ്രദ്ധയാണ് കാട്ടുന്നതെന്ന് സിനിമാപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. “സ്വന്തമായി എന്തെങ്കിലുമുണ്ടോ?”, “വിജയ്‌യെ പോലുള്ള ഒരു താരത്തിന് ഇതിലും മികച്ച യാത്രയയപ്പാണ് നല്‍കേണ്ടിയിരുന്നത്” എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. വിവാദമായതോടെ ഈ രംഗം ട്രെയിലറില്‍ നിന്നും നീക്കം ചെയ്തതായാണ് വിവരം.
സാങ്കേതിക പിഴവുകള്‍ക്ക് പുറമെ, ചിത്രം ഒരു റീമേക്ക് ആണെന്നതും വിമർശനങ്ങളുടെ ആക്കം കൂട്ടി. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്ന് ട്രെയിലറിലെ പല രംഗങ്ങളും സൂചന നല്‍കുന്നു. നേരത്തെ ഇതൊരു നേരിട്ടുള്ള റീമേക്ക് ആയിരിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും ട്രെയിലറിലെ സാമ്യതകള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.





