തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ നില്‍ക്കെ, കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണു തീരുമാനം. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോര്‍ കമ്മിറ്റിയുടെ ഭാഗമാകും.

കെപിസിസിയില്‍ ജംബോ കമ്മിറ്റിയ്ക്ക് നയരൂപീകരണ തീരുമാനം എടുക്കാന്‍ കഴിയില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പിസം കുറയ്ക്കാനാണ് കോര്‍ കമ്മറ്റിയെന്ന ആശയം കൊണ്ടു വരുന്നത്. കേരളത്തില്‍നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, യുഡിഎഫ് കണ്‍വീനര്‍, പിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍, കെപിസിസി മുന്‍ അധ്യക്ഷര്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകും. താല്‍ക്കാലിക സ്വഭാവമാണു സമിതിക്ക് നല്‍കുക. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ സമതിയുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി ജയിക്കും മുന്‍പേ മുഖ്യമന്ത്രിയാകാന്‍ ചിലര്‍ മത്സരിക്കുന്നുവെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ പരാതി ഉയര്‍ന്നു. ഏതാനും മുതിര്‍ന്ന നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ തുടരുന്ന അനൈക്യം ഹൈക്കമാന്‍ഡിനു മുന്നില്‍ അവതരിപ്പിച്ചത്. പരാതികള്‍ പരിഗണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതാക്കള്‍ ഐക്യത്തോടെ പോകണമെന്നും സംസ്ഥാനത്തു ജയം ഉറപ്പാക്കണമെന്നും വൈകിട്ടു നടന്ന സംയുക്ത യോഗത്തില്‍ നിര്‍ദേശിച്ചു.

പാര്‍ട്ടിയിലെ അനൈക്യം അവസാനിപ്പിച്ചാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും ഇല്ലെങ്കില്‍ വെള്ളത്തിലാകുമെന്നും നേതൃത്വത്തോടു പറഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, മാധ്യമങ്ങള്‍ക്കു മുന്നിലും ഇതാവര്‍ത്തിച്ചു. ഖര്‍ഗെയും രാഹുലും നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്കു നടത്തിയ ചര്‍ച്ചയില്‍നിന്നു സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷിയും പങ്കെടുത്തില്ല. ഇവരുടെ സാന്നിധ്യത്തില്‍ ആരും വസ്തുത പറയില്ലെന്ന തിരിച്ചറിവാണ് ഇത്.

കെ സുധാകരനെ കൂടാതെ പ്രവർത്തകസമിതി അംഗം ശശി തരൂർ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ അധ്യക്ഷരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എം.എം. ഹസന്‍, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്ബില്‍ എന്നിവരും പങ്കെടുത്തു.കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുമെന്നതിന്റെ സൂചനയാണ് ഇന്നലത്തെ യോഗത്തിലെ അദ്ദേഹത്തിൻറെ സാന്നിധ്യം. കേരളത്തിലെ സംഘടനാ കാര്യത്തില്‍ തരൂരിനും കാര്യമായ റോള്‍ നല്‍കും എന്നും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക