നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സുനിതകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ അഖിലും സമീപവാസികളും ചേർന്ന് ഇവരെ ഉടൻതന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനിതകുമാരി വീടിന് സമീപത്തായി ബേക്കറി നടത്തിവരികയായിരുന്നു. അപകടസമയത്ത് മകള്‍ ജോലിക്കു പോയിരുന്നെന്നും മകൻ അഖില്‍ വീട്ടിലുണ്ടായിരുന്നെന്നുമാണ് വിവരം. വീട് അടുക്കളയില്‍നിന്നാണ് തീ പടർന്നു തുടങ്ങിയത്. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് പോലീസ്.

















