ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്ബില്‍ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ പ്രവർത്തകരുടെ മേല്‍നോട്ടത്തില്‍ പെയ്ന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂർത്തിയായി.
2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നല്‍കിയത്. ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ഷൂട്ടിങ് തുടങ്ങിയാല്‍ വീടിനുള്ളിലെ ഒരു മുറിയില്‍ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക ബാക്കി സ്ഥലങ്ങള്‍ സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുനല്‍കും. ജോസഫിനും കുടുംബത്തിനുമുള്ള ആഹാരം സിനിമ കന്റീനില്‍ നിന്നാണ് ഏർപ്പാടാക്കുന്നത്.
വാഗമണ്‍ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയില്‍ 30 ദിവസത്തെ ഷെഡ്യൂള്‍ ആണ് നിലവില്‍ ഉള്ളത്. ഈ ആഴ്ച തുടക്കത്തില്‍ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാല്‍ ഷൂട്ടിങ്ങിനായി തൊടുപുഴയില്‍ എത്തുമെന്നാണ് സൂചന. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
മലയാളത്തില്‍ ത്രില്ലർ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാർക്ക് നല്‍കിയ ചിത്രമായിരുന്നു മോഹൻലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.










