നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രതിപക്ഷ നിരയില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചു.അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ നിയമസഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ ഏതു നേതാവാണ് അതെഴുതിയതെന്നും എന്താണ് കുറിപ്പിലെന്നും വ്യക്തമല്ല. പ്രതിപക്ഷ നിരയില്‍ നിന്നെത്തിയ കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ദീപാ ദാസ് മുന്‍ഷി കൂടിക്കാഴ്ച അനുവദിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. യോഗത്തില്‍ ഷാഫി പറമ്ബില്‍ എംപി പങ്കെടുക്കില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തിയത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന സമയത്താണ്, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുന്നത്. രാഹുല്‍ എത്തിയപ്പോള്‍ ആരും പ്രതികരിച്ചില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.

സിപിഎം ബന്ധം അവസാനിപ്പിച്ചതിനു ശേഷം പി വി അന്‍വറിന് നല്‍കിയ സീറ്റാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് സ്പീക്കര്‍ അനുവദിച്ചത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. സഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാന്‍ അനുവാദം ലഭിച്ചില്ല. പ്രതിപക്ഷ നിരയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. ശനിയാഴ്ച രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക