ലൈംഗിക പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും കഴിപ്പിച്ച് പാർട്ടി പ്രവർത്തകൻ.യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും പള്ളിയില്‍ പ്രാര്‍ത്ഥനയും നടത്തിയത്. നന്നൂർ ദേവി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും നടത്തി. പുതുപ്പള്ളി പള്ളിയില്‍ മൂന്നിന്മേല്‍ കുർബാനയും നടത്തി.
രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയും പ്രാർത്ഥനയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണെങ്കിലും വളര്‍ന്നുവരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യുന്ന പോലെയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നും റെജോ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരമായാണ് ഈ പൂജകള്‍ ചെയ്തതെന്നും നേതാവ് അറിയിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതാ നടപടികള്‍ നീളുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടികള്‍ സങ്കീർണമാണെന്നും ഈ വിഷയത്തില്‍ ലഭിക്കുന്ന നിയമോപദേശം നിർണായകമാകുമെന്നാണ് സൂചന. രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് ഇന്ന് സ്‌പീക്കർ എ എൻ ഷംസീർ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരെ ഉയർന്നുവരുന്നത് കേവലം ഒരു ആരോപണമല്ലെന്നും തുടർച്ചയായ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഇത് പരിശോധിക്കും. അറസ്റ്റ് ചെയ്ത വിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സഭയ്ക്ക് ഇക്കാര്യത്തില്‍ തുടർനടപടികള്‍ സ്വീകരിക്കാൻ കഴിയൂ. അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

















