ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ മുൻയൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമാ ജി.നായർ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചർച്ചകളും പ്രതിഷേധങ്ങളും കാണുമ്ബോള്‍ തനിക്ക് ഓർമവരുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ തേജോവധമാണെന്ന് സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നവെങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും സീമ ജി. നായർ ചോദിച്ചു.
സീമ ജി. നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്…കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആയിരുന്നു… കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.രാഹുല്‍ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകള്‍ക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയില്‍ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്… നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാല്‍ കുരുക്കാത്ത, ഒരു ‘നുണബോംബ്’ ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല. പിതൃതുല്യൻ എന്ന് പറഞ്ഞവർക്ക് അത് മാറ്റി പറയാൻ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു. സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളർന്നു പോയ്കാണും… ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയല്‍ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയില്‍ നിന്നും ആഭാസനായ മുഖ്യമന്ത്രിയായി എല്ലാരും ചേർന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യങ്ങള്‍ക്ക് നടുവില്‍ തളർന്നിരുന്നിട്ടുണ്ടാവും. അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോള്‍ ആയിരിക്കും. ഉമ്മൻ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മർദ്ദങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ടാവാം. ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങള്‍ പിന്നിടുമ്ബോഴും ഞാൻ ടീവിയുടെ മുന്നില്‍ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.ചില പാർട്ടിയില്‍ ഞാൻ കണ്ടിട്ടുള്ളത് അവരവരുടെ പാർട്ടിക്കാർ, നേതാക്കന്മാർ, എം എല്‍ എ മാർ, മന്ത്രിമാർ, എന്തിന് വേറെ, സാധാരണ പാർട്ടി പ്രവർത്തകർ പോലും എന്ത് വലിയ തെറ്റ് ചെയ്താലും ‘അതിന് ന്യായീകരണങ്ങള്‍ ഏറെയാണ്’. സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവർക്ക് ശക്തമായ കവചം തീർക്കാൻ അവർക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍, കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങള്‍ മതി. ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മർദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുൻ അനുഭവങ്ങള്‍ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം. വർഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്.അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോണ്‍ പരിശോധിച്ചാല്‍, ഇതിലും വലുത് കിട്ടാൻ സാധ്യതയുണ്ട്. ഈ കേരളത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്ബോള്‍ പുച്ഛമാണ് തോന്നുന്നത്. കേസില്ലേല്‍ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും… എതിർ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാൻ കാത്ത് നില്‍ക്കുന്നവരുടെ ഇടയില്‍ നിങ്ങള്‍ പിടിച്ച് നില്‍ക്കുക .41 വർഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാൻ കണ്ടു, അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുൻ അനുഭവങ്ങള്‍ അതാണ് . എരിതീയില്‍ എണ്ണയൊഴിച്ച് തരാൻ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാല്‍ പിന്നെ അവർക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകള്‍ ആണ് ഇവിടെ നടക്കുന്നത്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കില്‍ മാത്രമാണ്..രാഹുല്‍ ഈശ്വറിനെ പോലുള്ള ചിലർ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്ബോള്‍ സന്തോഷമുണ്ട്. എതിർ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങള്‍ എതിർ സ്വരത്തിലാണെങ്കിലും , ചിന്തകള്‍ എതിർദിശയിലാണെങ്കിലും ഒരു പ്രശ്നം വന്നപ്പോള്‍ രാഹുല്‍ ഈശ്വറിനെ പോലെ ചിലർ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുല്‍… നല്ലതിനായി കാത്തിരിക്കുക..

















