കലൂർ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ ഗൂഢാലോചന ആരോപിച്ച് ഉമ തോമസ് എംഎല്‍എ. ഒരു ഭാഗത്ത് സ്വസ്ഥമായി ഇരുന്ന തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റി ഇരുത്താൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.അങ്ങനെ ഒരു നീക്കം എന്തിനാണെന്ന് അന്വേഷിക്കണം. കേസില്‍ കുറ്റപത്രം നല്‍കാത്തതും വലിയ വീഴ്ചയെന്ന് ഉമ തോമസ് പ്രതികരിച്ചു.
ദിവ്യ ഉണ്ണിയോട് ചെയ്തത് ശരിയായില്ലെന്ന് ഫോണില്‍ പറഞ്ഞു. ഒരാള്‍ക്ക് അപകടം സംഭവിക്കുമ്ബോള്‍ എന്ത് പറ്റിയെന്ന് പോലും നോക്കാതെ പോയത് മോശമായി. അവരെ വിളിച്ചപ്പോള്‍ മലയാളികളല്ലാത്ത വിദ്യാർഥികളെ കൊണ്ടുപോകാനായാണ് യാത്ര നേരത്തെയാക്കി വിദേശത്തേക്ക് പോയതെന്ന് പറഞ്ഞു. ദിവ്യയെ പോലെ നിരവധി ആരാധകരുള്ള, പലരുടെയും മാതൃകയായ ഒരാള്‍ ഇത്തരത്തില്‍ പ്രവർത്തിച്ചത് ശരിയായില്ലെന്നും ഉമാ തോമസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്ബ് കമ്ബിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.











