സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയാൻ സാധ്യത. ഇതേത്തുടർന്ന് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമായി. വൈക്കം എംഎല്‍എയായ സി.കെ. ആശയുടെ പേരാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
ഒരു വ്യക്തിക്ക് ഒരേസമയം ഡെപ്യൂട്ടി സ്പീക്കർ പദവിയും പാർട്ടി ജില്ലാ സെക്രട്ടറി പദവിയും വഹിക്കാൻ നിയമപരമായി തടസ്സങ്ങളില്ല. എന്നിരുന്നാലും, ഭരണഘടനാ പദവികള്‍ വഹിക്കുന്നവർ രാഷ്ട്രീയ പക്ഷപാതങ്ങള്‍ ഒഴിവാക്കി നിഷ്പക്ഷമായിരിക്കണമെന്ന കീഴ്‌വഴക്കം കണക്കിലെടുത്താണ് ചിറ്റയം ഗോപകുമാർ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നത്.
തുടർച്ചയായി രണ്ടാം തവണയാണ് സി.കെ. ആശ വൈക്കത്ത് നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇവരെ ഡെപ്യൂട്ടി സ്പീക്കറാക്കുന്നതിലൂടെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും പാർട്ടിക്ക് കഴിയും.














