ഇന്ത്യയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ് അല്ലേ? അതിപ്പോള്‍ നമ്മുടെ ട്രാഫിക്കായാലും, ഷോപ്പിംഗായാലും എല്ലാത്തിലുമുണ്ടാകും ഒരു ഇന്ത്യൻ ടച്ച്.ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ചിലപ്പോള്‍ ആ ടെക്നിക്ക് അങ്ങനെ പിടികിട്ടണം എന്നില്ല. എന്തായാലും, തന്റെ സുഹൃത്തിന് എങ്ങനെ ഇന്ത്യയിലെ റോഡ് മുറിച്ച് കടക്കാം എന്ന് കാണിച്ചു കൊടുക്കുന്ന ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
വെര പ്രോകോഫേവ എന്ന യുവതിയാണ് ജയ്പൂരിലെ പ്രശസ്തമായ ഹവാ മഹലിന് മുന്നില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍, ഇന്ത്യയില്‍ എങ്ങനെ റോഡ് മുറിച്ചുകടക്കാം എന്നതിനെ കുറിച്ച് തികച്ചും ആധികാരികമായി പ്രോകോഫേവ തന്റെ റഷ്യൻ സുഹൃത്തിനെ പഠിപ്പിക്കുന്നത് കാണാം. റോഡരികില്‍ നിന്നുകൊണ്ട് അവർ കൂട്ടുകാരിക്ക് ഇങ്ങനെ റോഡ് മുറിച്ചുകടക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
സാധാരണ ഇന്ത്യയില്‍ ആരും സീബ്രാ ക്രോസിംഗോ സിഗ്നലോ ഒന്നും നോക്കി റോഡ് മുറിച്ചു കടക്കാൻ കാത്ത് നില്‍ക്കാറില്ല അല്ലേ? മറിച്ച് കൈകൊണ്ട് വാഹനങ്ങള്‍ക്ക് ആംഗ്യം കാണിച്ച ശേഷം വളരെ വേഗത്തില്‍ റോഡ് മുറിച്ച് കടക്കാറാണ്. അത് തന്നെയാണ് ഇവിടെ പ്രോകോഫേവ തന്റെ സുഹൃത്തിനെയും പഠിപ്പിക്കുന്നത്.





