കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ യൂനുസ് അലി രംഗത്ത്. സന ബസില്‍ ഇനി ആരും യാത്ര ചെയ്യരുതെന്ന് സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ സാമൂഹിക മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുൻപ് പോസ്റ്റിട്ടിരുന്നുവെന്ന് യൂനുസ് പറഞ്ഞു. തന്നെയും ബസ് സർവീസിനെയും നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മണ്ണാർക്കാട്ടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ അലനല്ലൂർ മേഖലാ കമ്മറ്റി അംഗവും സിപിഎം ഭീമനാട് ബ്രാഞ്ച് മെമ്ബറുമാണ് താനെന്നും യൂനുസ് അലി പറയുന്നു.
‘വണ്ടി ഓടിക്കാൻ കഴിയാത്ത രീതിയില്‍ കൊലവിളിയും മുദ്രാവാക്യങ്ങളും ഉയർന്നു. മെസേജുകളും ഫോണ്‍ വിളികളും വന്നിരുന്നു. എന്നാല്‍ ഇത് അത്ര ഗൗരവത്തിലെടുത്തില്ല. സന ബസില്‍ ഇനി ആരും യാത്ര ചെയ്യരുതെന്ന് സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ സാമൂഹിക മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുൻപ് പോസ്റ്റിട്ടിരുന്നു. സന ബസ്സിലെ യാത്ര, ജീവൻ രക്ഷിക്കുക എന്നായിരുന്നു ആ പോസ്റ്റ്. എന്തോ ഒന്ന് നടക്കാനിരിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്. വാഹനം കത്തിയതിനു പിന്നാലെ മിനിറ്റുകള്‍ക്കകം താൻ പറഞ്ഞ കാര്യം സത്യമായി എന്ന രീതിയില്‍, സന ബസിന് തീപിടിച്ചേ, ദിവസങ്ങള്‍ക്ക് മുൻപ് താൻ സൂചിപ്പിച്ചിരുന്നു സന ബസില്‍ യാത്ര ചെയ്യരുതെന്ന് എന്നും ഇദ്ദേഹം പോസ്റ്റിട്ടു. അതിനാല്‍ വ്യക്തമായ പദ്ധതിയോടെയാണ് ബസ് കത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.
ബസ് കത്തിയ ശേഷം സിപിഐ നേതാവ് ആർത്തുല്ലസിക്കുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ട്. എന്തോ അട്ടിമറി നടക്കാനിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലൂടെ വ്യക്തമാകുന്നത്’, ബസ്സുടമ ആരോപിച്ചു. രണ്ടാഴ്ച മുൻപ് രാഷ്ട്രീയ വിരോധത്തിന്റെയും വിഭാഗീയതയുടെയും ഭാഗമായി മണികണ്ഠൻ ബസ് തടയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരില്‍ പോലീസ് കേസും എടുത്തു.
വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും പൊതു ഗതാഗത സംവിധാനത്തെ ബാധിക്കരുതെന്നും യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെന്നും യൂനുസ് ആവശ്യപ്പെട്ടു. അതേസമയം, ഭാരത് ബെൻസുപോലുള്ള ഒരു കമ്ബനിയുടെ ബസ് ഒരിക്കലും ഇതുപോലെ കത്തില്ലെന്നും യൂനുസ് അലി പറയുന്നു. ഡീസല്‍ ടാങ്ക് പൊട്ടിയിട്ടില്ല. വാഹനത്തിന്റെ ഉള്ളില്‍നിന്നാണ് തീ പടർന്നത്.
കൂടാതെ വാഹനത്തിന്റെ ഫ്ലോറില്‍ പലകകള്‍ ഒന്നുംതന്നെ ഇല്ല. ഭാരത് ബെൻസിന്റെ ഷാസിയില്‍ arrow എന്ന കമ്ബനിയാണ് ബോഡി നിർമിച്ചത്. 13 മീറ്ററാണ് ബസിന്റെ നീളം. 2019 മോഡല്‍ ബസാണിത്. വയറിങ് ഭാഗങ്ങളെല്ലാം വലിയ സുരക്ഷയിലാണ് ക്രമീകരിച്ചിരിക്കുന്നത്.വയറിന് തീപ്പിടിച്ചാല്‍ ഒരിക്കലും ഇത്തരത്തില്‍ സ്ഫോടനസമാനമായി കത്തിയമരില്ല. കൂടാതെ, ഡ്രൈവുകളെല്ലാം കത്തിപ്പോയതിനാല്‍ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള സിസിടിവി ദൃശ്യങ്ങളും ലഭിക്കില്ല. എതോ മാരകമായ വസ്തു ഉപയോഗിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് ബലമായ സംശയം. സംഭവത്തില്‍ നിലവില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഫോറൻസിക്കിന്റെ തെളിവെടുപ്പ് നടന്നതിനു ശേഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ സമാന ആരോപണവുമായി ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന നേതൃത്വവും രംഗത്തുവന്നു. ബസ് കത്തിയതിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷണൻ പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് പോലീസ് പ്രത്യേക സംഘം ഉണ്ടാക്കി സംഭവം അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മുപ്പത്തിയഞ്ചോളം ബസ് സർവീസുള്ള സന ഗ്രൂപ്പിനോട് വൈരാഗ്യമുള്ള ഏതോ വിഭാഗം ഇതിനുപിന്നിലുണ്ടെന്ന സംശയം ബസ് ഉടമകള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സിനാണ് ഞായറാഴ്ച രാവിലെ തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടൻതന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആർക്കും പരിക്കേറ്റില്ല. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചായിരുന്നു അപകടം. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

















