ഛത്തിസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിക്കാൻ വൈദികർക്കും കന്യസ്ത്രീകൾക്കും നിർദ്ദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്ബോൾ വൈദികരും കന്യാസ്ത്രീകളും സാധാരണ വേഷം ധരിക്കണമെന്ന നിർദ്ദേശം ആഭ്യന്തരവൃത്തങ്ങളിൽ അനൗദ്യോഗികമായാണ് നല്കിയത്. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ ആണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇത്തരം നിർദ്ദേശം. നല്കിയത്.
ഇതോടൊപ്പം സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വരുന്ന തൊഴിലാളുടെ കൂടെ അവരുടെ മാതാപിതാക്കളെയും കൂട്ടാനും ആവശ്യമായ രേഖകൾ കരുതാനും നിർദ്ദേശം ഉണ്ട്. ഇത്തരക്കാർക്ക് ഉള്ള യാത്രാ, ഭക്ഷണചെലവുകൾ അതതു സ്ഥാപനം തന്നെ വഹിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ജാഗ്രതാ നിർദ്ദേശങ്ങൾ എന്ന നിലയ്ക്കാണ് ഇത്തരത്തിൽ അനൗദ്യോഗികമായി സന്ദേശം നല്കിയതെന്ന് അമൃത്സറിലെ ഫാ. സുരേഷ് മാത്യു സ്ഥിരീകരിച്ചു.
അതേസമയം, അറസ്റ്റിലായ കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ അടുത്തമാസം എട്ടുവരെ ജുഡീഷ്യല് കസ്റ്റഡിയിൽ വിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എന്.എസ്) 143ാം വകുപ്പ്, ഛത്തിസ്ഗഡിലെ മതപരിവർത്തന നിരോധനനിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് ഇവർ അറസ്റ്റിലായത്. കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ആശുപത്രിയിൽ ജോലി ലഭിച്ച മൂന്ന് യുവതികളെയും ഒരു യുവാവിനെയും ട്രെയിനിൽ കൊണ്ടുപോകുന്നതിനിടെ ഛത്തിസ്ഗഡിലെ ദുർദ സ്റ്റേഷനിൽ വച്ച് ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദൾ അക്രമികളെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ ബജ്റംഗ്ദൾ പ്രവര്ത്തകർ ഇവരെ കൈയേറ്റത്തിന് മുതിരുകയും അവഹേളിക്കുകയും ചെയ്ത ശേഷം പൊലിസിൽ പരാതി നല്കുകയായിരുന്നു.
സംഭവത്തിൽ സി.ബി.സി.ഐ വൃത്തങ്ങള് ഔദ്യോഗികമായി ഛത്തിസ്ഗഡ് സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ പറഞ്ഞു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള് ഉന്നയിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിസ്റ്റര്മാരായ വന്ദന ഫ്രാന്സിസ്, പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്.









