ഭൂമിയില്‍ നിന്നും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ വിറ്റു പോയത് 5.3 മില്യണ്‍ ഡോളറിന് (45 കോടി രൂപ). ന്യൂയോർക്കില്‍ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉല്‍ക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ ലഭിച്ച റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകള്‍.
ചൊവ്വയില്‍ നിന്ന് ശില എങ്ങനെ ഭൂമിയിലെത്തി?
NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉല്‍ക്കാശിലയ്ക്കായി ഓണ്‍ലൈനിലും ഫോണിലും ലേലം നടന്നു. ലേലത്തില്‍ പങ്കെടുത്തവർ തമ്മില്‍ 15 മിനിറ്റ് നേരം പോരാട്ടം നടന്നു. 54 പൗണ്ട് (24.5 കിലോഗ്രാം) ഭാരമുള്ള ഈ കല്ല് 2023 നവംബറില്‍ നൈജറിലെ സഹാറ മരുഭൂമിയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സോത്ത്ബീസ് പറയുന്നു. ഒരു ഭീമൻ ഛിന്നഗ്രഹം ചൊവ്വയുടെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വേര്‍പെട്ട ഈ പാറ 140 ദശലക്ഷം മൈല്‍ (225 ദശലക്ഷം കിലോമീറ്റർ) സഞ്ചരിച്ച് ഭൂമിയില്‍ എത്തുകയായിരുന്നു എന്നാണ് അനുമാനം. രണ്ട് മില്യണ്‍ മുതല്‍ നാല് മില്യണ്‍ ഡോളർ വരെയായിരുന്നു ലേലത്തിന് മുമ്ബ് ഈ ഉല്‍ക്കാശിലയ്ക്ക് നല്‍കിയിരുന്ന മതിപ്പുവില.ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ഭൂമിയിലെത്തിയ അവിശ്വസനീയമായ ഒരു ഉല്‍ക്കാശിലയാണ് ഇതെന്ന് ലേലത്തിന് മുന്നോടിയായി സോത്ത്ബിയുടെ വൈസ് പ്രസിഡന്‍റായ കസാൻഡ്ര ഹാട്ടണ്‍ പറഞ്ഞു. ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങള്‍ക്ക് മുമ്ബ് ഒരു ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചൊവ്വയില്‍ ഇടിച്ചതിന്‍റെ പരിണിതഫലമായി പാറകളും മറ്റ് അവശിഷ്‌ടങ്ങളും ബഹിരാകാശത്തേക്ക് ചിതറിപ്പോവുകയായിരുന്നു എന്ന് അദേഹം പറഞ്ഞു. സോത്ത്ബീസിന്‍റെ അഭിപ്രായത്തില്‍ ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശിലയേക്കാള്‍ 70 ശതമാനം വലുതാണ് ചുവപ്പ്, തവിട്ട്, ചാരനിറത്തിലുള്ള NWA 16788.
ചൊവ്വയിലെ ഉല്‍ക്കാശിലയെന്ന് സ്ഥിരീകരിച്ചത് എങ്ങനെ?
ചുവന്ന ഗ്രഹത്തിന്‍റെ ഈ അവശിഷ്‍ടത്തിന്‍റെ സാംപിള്‍ പരിശോധനയ്ക്കായി പ്രത്യേക ലബോറട്ടറിയിലേക്ക് അയച്ചതായും അവിടെ അത് ചൊവ്വയുടെ ഒരു ഭാഗമാണെന്ന് സ്ഥിരീകരിച്ചതായും ഹാറ്റണ്‍ പറഞ്ഞു. 1976-ല്‍ വൈക്കിംഗ് ബഹിരാകാശ പേടകം ചൊവ്വയില്‍ ഇറങ്ങിയപ്പോള്‍ കണ്ടെത്തിയ ചൊവ്വയിലെ ഉല്‍ക്കാശിലകളുടെ സാധാരണ രാസഘടനയുമായി ഇതിനെ താരതമ്യം ചെയ്‌തതായും അദേഹം പറഞ്ഞു. ഇതൊരു ഒലിവൈൻ-മൈക്രോഗാബ്രോയിക് ഷെർഗോട്ടൈറ്റ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും സോത്ത്ബീസ് പറയുന്നു. ചൊവ്വയിലെ മാഗ്മയുടെ സാവധാനത്തിലുള്ള തണുപ്പിക്കല്‍ വഴി രൂപം കൊള്ളുന്ന ഒരു തരം പാറയാണ് ഒലിവൈൻ-മൈക്രോഗാബ്രോയിക് ഷെർഗോട്ടൈറ്റ് എന്ന് അറിയപ്പെടുന്നത്.










