പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക് എസിപി സിദ്ദിഖ് പറഞ്ഞു.

പണം ഒളിപ്പിച്ചതില്‍ ഒന്നാം പ്രതിക്ക് മാത്രമാണ് പങ്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.39 ലക്ഷം രൂപയാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്തുള്ള പറമ്ബില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. മഴയായതിനാല്‍ ചില നോട്ടുകെട്ടുകളൊക്കെ പൂപ്പല്‍ പിടിച്ച്‌ നശിച്ച നിലയിലായിരുന്നു. എങ്കിലും മുഴുവൻ പണവും കണ്ടെത്താൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എസിപി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പന്തീരാങ്കാവ് ബാങ്ക് കവർച്ച ; മോഷ്ടിച്ച പണം കുഴിച്ചെടുത്തു. കുന്നത്ത്പാലത്തു മുഖ്യപ്രതിയുടെ വീടിനു അടുത്ത് നിന്നാണ് 39 ലക്ഷം പോലീസ് കുഴിച്ചെടുത്തത്

Posted by Mathrubhumi on Monday, July 14, 2025

ഫറോക്ക് എസിപി സിദ്ദിഖിന്റെ വാക്കുകള്‍:

ഒരുമാസവും രണ്ടുദിവസത്തിനും ശേഷമാണ് മുഴുവൻ പണവും കണ്ടെത്തുന്നത്. 39 ലക്ഷം രൂപ ഉണ്ട്. രണ്ടാംപ്രതിയേയും മൂന്നാം പ്രതിയേയും കസ്റ്റഡിയില്‍ എടുത്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. 40 ലക്ഷം രൂപയുടെ സ്വർണം ബാങ്കില്‍ ഉണ്ട് എന്ന് വിശ്വസിപ്പിക്കാൻ വേണ്ടി പ്രതികള്‍ രേഖകളുണ്ടാക്കി. ഇതില്‍ ഒന്നാംപ്രതിയുടെ ഭാര്യയ്ക്കും പങ്കുണ്ട്. തനിക്ക് 40 ലക്ഷം രൂപയുടെ സ്വർണം വിവിധ ഫിനാൻസുകളിലുണ്ട് എന്നരേഖ ഇസാഫ് ബാങ്കില്‍ കൊടുത്തു. മാത്രമല്ല, കവർച്ചയുടെ രണ്ട് ദിവസം മുമ്ബ് ഇവർ ഈ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.

ചാനലുകളില്‍ അടക്കം വാർത്ത വന്നതിന് പിന്നാലെ അർധരാത്രിയോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് ഒളിവില്‍ പോകാൻ സഹായിച്ചത്. ചെറിയച്ഛന്റെ മകനും ഒളിവില്‍ പോയി. ബെംഗളൂരുവില്‍ ആദ്യം പോയി. പിന്നെ ഓരോയിടങ്ങളില്‍ പോയിക്കൊണ്ടേയിരുന്നു. രണ്ട് ഫോണ്‍ ഉണ്ടായിരുന്നു ഇയാളുടെ കൈയില്‍. രണ്ടു ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു. പിന്നീട് മറ്റൊരു ഫോണ്‍ ഉപയോഗിച്ചു. ഇത് പിന്തുടർന്നാണ് ചെറിയച്ഛന്റെ മകനിലേക്ക് എത്തുന്നത്.കവർച്ചയ്ക്ക് ശേഷം പണം ഒളിപ്പിച്ചു വെച്ചതില്‍ രണ്ടുംമൂന്നും പ്രതികള്‍ക്ക് പങ്കില്ലെന്ന് അന്ന് മനസ്സിലായിരുന്നു. രണ്ടാംപ്രതിയുടെ പങ്ക് കുറ്റകൃത്യത്തിന് സഹായിച്ചു എന്നതാണ്. മൂന്നാംപ്രതിയുടെ പങ്ക് ഒളിവില്‍ പോകാൻ സഹായിച്ചു എന്നതാണ്.

പ്രതി ആദ്യം പറഞ്ഞത് ബാങ്കുകാർ തങ്ങളെ പറ്റിച്ചതാണ് എന്നായിരുന്നു. ഒരു ലക്ഷം രൂപ മാത്രമേ ബാങ്കുകാർ തന്നിട്ടുള്ളൂ എന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാല്‍ അതേ പ്രതിയെക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ 39 ലക്ഷം രൂപ കണ്ടെടുത്തിരിക്കുന്നത്.55000 രൂപയാണ് പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി 45000 രൂപ ചെലവാക്കി. ഇന്ത്യ മൊത്തം കറങ്ങാൻ വേണ്ടിയിട്ടാണ് ഇയാള്‍ ഈ പണം ഉപയോഗിച്ചത്. പ്രതി പാലക്കാട്ടേക്ക് പോയതിന്റെ എല്ലാ തെളിവും കിട്ടി. ഇരുചക്രവാഹനത്തിലായിരുന്നു പ്രതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ ഒരിടത്തു പോലും ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല. രണ്ടാളുകള്‍ പോകുന്നത് മാത്രമായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടെ ബാഗ് ഉണ്ടോ എന്നും സംശയമുണ്ടായിരുന്നു. ഒരുമാസത്തോളമായി ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു.

325 ഓളം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രണ്ടുദിവസം മുമ്ബ് കൊണ്ടോട്ടി ഭാഗത്ത് നിന്ന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ആ ദൃശ്യത്തില്‍ ഇവരുടെ ബാഗ് ഉണ്ടായിരുന്നില്ല. 9.30 വരെ സ്ഥലത്തുണ്ട്. പോയപ്പോള്‍ ബാഗ് ഇല്ല. രണ്ടാം പ്രതിക്കും മൂന്നാം പ്രതിക്കും ബാഗ് കൈമാറിയിട്ടില്ലെന്നും വ്യക്തമായി. ബാഗ് എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും, അല്ലെങ്കിലും മറ്റാരെയെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടാകും എന്ന നിഗമനത്തിലെത്തി.ഒന്നരക്കോടിയോളം രൂപ പ്രതിക്ക് ബാധ്യതയുണ്ടെന്നാണ് അന്വേഷണത്തില്‍ മനസ്സിലായിരിക്കുന്നത്. പ്രതിക്ക് കടബാധ്യതയുള്ള സ്ഥാപനങ്ങളുമായും ആളുകളുമായും നിരന്തരം ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 70 ലക്ഷത്തോളം ബാധ്യതയുള്ള ഒരു സ്ഥാപനത്തില്‍, 35 ലക്ഷം രൂപ തന്നാല്‍ എല്ലാം സെറ്റിലാകുമോ എന്ന് പ്രതിക്ക് വേണ്ടി ഒരാള്‍ ചെന്ന് അന്വേഷിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇത് നിർണായകമായ ഒരു ലീഡായിരുന്നു. ഇതിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പണം പ്രതിയുടെ കൈയില്‍ തന്നെ ഉണ്ട് എന്നും വേറെ എവിടെയും ചിലവായിപ്പോയിട്ടില്ലെന്നും നിഗമനത്തില്‍ എത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. ഒരു രക്ഷയുമില്ല, പിടിച്ചു നില്‍ക്കാനാകില്ലെന്ന് കണ്ടതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

പണം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പ്രതി സമ്മതിച്ചത്. സ്ഥലത്ത് വന്ന് നോക്കിയപ്പോള്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമോ എന്ന് പേടിയായിരുന്നു. സാധാരണ പണം നഷ്ടപ്പെട്ടാല്‍ മുഴുവനും തിരിച്ചെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. ഇത് ഒരു രൂപ പോലും മിസ്സാകാതെ കിട്ടി. എല്ലാവരും സന്തോഷത്തിലാണ്. നിലവിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാംപ്രതിമാത്രമാണ് പണം കുഴിച്ചിട്ടിരിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ എല്ലാ ഭാഗവും പോലീസ് പരിശോധിച്ചു വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.കോഴിക്കോടൻ കുന്ന് ഭാഗത്ത് കറങ്ങി അവിടെ തൊടിയില്‍ ഒളിച്ചു നിന്ന് രാത്രിയായി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തിരിച്ചു വന്നത്. ഓപ്പറേഷൻ കഴിഞ്ഞ് പതിനഞ്ച് മിനിറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കി. രാത്രി 9.30 ഓടെയാണ് തിരികെ എത്തിയത്. അധികം ആള്‍പ്പെരുമാറ്റം ഇല്ലാത്തതുകൊണ്ട് തന്നെ ഇവിടെ കുഴിച്ചിടുകയായിരുന്നു- പോലീസ് പറഞ്ഞു.

പണത്തില്‍ പകുതിയിലധികവും നോട്ടുകള്‍ പൂപ്പല്‍ പിടിച്ചിട്ടുണ്ട്.സംഭവത്തിന് ശേഷം മഴയാണ്. ജയിലില്‍ നിന്ന് പ്രതി മഴ പെയ്യാതിരിക്കണേ എന്ന് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ മഴ പെയ്ത് പൂപ്പല്‍ പിടിച്ചു പോയി. പണം കോടതിയില്‍ ഹാജരാക്കും. 39 ലക്ഷത്തിന്റെ ഓരോ സീരിയല്‍ നമ്ബറും എഴുതിയെടുത്ത് ബാക്കി നടപടികള്‍ പൂർത്തിയാക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക