ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്. രണ്ട് ടെലിവിഷൻ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കെതിരെ വൈകാതെ സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു.
29 പ്രമുഖ അഭിനേതാക്കള്‍, ഹർഷൻ സായ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർ, ലോക്കല്‍ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. അതേസമയം, കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ ന്യായീകരണം. സ്കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.
ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവർ പറയുന്നു.റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കി. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്ഫോമുകള്‍ അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 2016-ല്‍ താൻ ജംഗിള്‍ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് നടൻ പ്രകാശ് രാജ് വ്യക്തമാക്കി. എന്നാല്‍ ഒരു വർഷത്തിനുള്ളില്‍ കരാർ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികമായി ആ പ്രചാരണം നിയമപരമായിരുന്നുവെങ്കിലും അത് ധാർമികമായി തനിക്ക് ശരിയായി തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്ഫോമിനെയും താൻ പ്രമോട്ട്ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







