കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി.
കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍റെ ചുമതലയില്‍ നിന്ന് നീക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നല്‍കാത്തതിലും ചാണ്ടി ഉമ്മന്‍ പ്രതിഷേധം പരസ്യമാക്കിയിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എഐസിസിയില്‍ റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍.
പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.
പ്രമോഷനോ, പണിയോ?
ഇരു നേതാക്കളുടെയും പുതിയ പദവിയെ കുറിച്ചും പാർട്ടിയിൽ ചർച്ചകൾ സജീവമാണ്. യഥാർത്ഥത്തിൽ ഇത് പ്രമോഷൻ അല്ല ഒരു പണിയാണ് എന്ന് അഭിപ്രായവും ഒരു വിഭാഗം രേഖപ്പെടുത്തുന്നുണ്ട്. ഇരുവരെയും പാർട്ടി പദവി നൽകി സംസ്ഥാനത്തുനിന്ന് കെട്ടുകെട്ടിക്കുകയാണെന്നും ആനുകൂലികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതൊക്കെയാണെങ്കിലും ചാണ്ടിക്കോ, ഷമക്കോ ടാലൻറ് ഹണ്ടർ ഒരു വലിയ പദവിയായി തോന്നാനും സാധ്യതയില്ല.
















