മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നാല് ജാമ്യം അനുവദിച്ചത്. കേസിലെ 11, 12 പ്രതികളാണ് ഇവർ.
താമരശ്ശേരി കോരങ്ങാട് മൂന്നാംതോടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്ന് പുലർച്ചെയാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പെണ്‍വാണിഭറാക്കറ്റുമായുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ ഇരുവരെയും സർവീസില്‍ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
മലാപ്പറമ്ബില്‍ ഒരു അപ്പാർട്ടുമെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം ജൂണ്‍ ആറാംതീയതിയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശിനി ബിന്ദുവിനെയടക്കം ഒമ്ബതുപേരെയാണ് ഇവിടെനിന്ന് പോലീസ് അറസ്റ്റുചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാർക്കും ഇവരുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയത്. പിന്നാലെ ഇരുവരെയും കേസില്‍ പ്രതി ചേർക്കുകയായിരുന്നു.

















